News

ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാൻസിസ് പാപ്പ; അടുത്ത വർഷം പാപ്പ ഭാരതം സന്ദർശിച്ചേക്കും

പ്രവാചകശബ്ദം 06-02-2023 - Monday

ജുബ: അടുത്ത വർഷത്തെ അപ്പസ്തോലിക സന്ദര്‍ശനങ്ങളില്‍ ഭാരതം ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ണ്ണായകമായ പ്രസ്താവന. അടുത്ത വർഷത്തെ സന്ദര്‍ശനം ഇന്ത്യയായിരിക്കുമെന്ന് കരുതുകയാണെന്നും സെപ്റ്റംബർ 29ന് മാർസെയിലിസിലേക്ക് പോകുമെന്നും അവിടെ നിന്ന് മംഗോളിയയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും പാപ്പ പറഞ്ഞു. സൗത്ത് സുഡാനിൽ നിന്ന് റോമിലേക്കുള്ള വിമാന യാത്രാ മധ്യേ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇതോടെ ഭാരത കത്തോലിക്ക സമൂഹത്തിന്റെ വര്‍ഷങ്ങളായി നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

കേന്ദ്ര സര്‍ക്കാര്‍ തീയതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുത്താല്‍ അപ്പസ്തോലിക സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുമെന്നു തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. 2017ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. 2021-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിച്ചിരിന്നു.

ഭാരത സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ പാപ്പ കേരളം സന്ദര്‍ശിക്കുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. 50 ലക്ഷത്തിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണെന്നതും വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ എന്നിവരുടെ ജന്മനാടാണ് കേരളമെന്നതും ഇതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലെത്തി വിശുദ്ധ മദര്‍ തെരേസയുടെ കബറിടത്തില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിക്കാനും സാധ്യതയേറെയാണ്.

വിവിധ കാലയളവില്‍ ഇന്ത്യയിൽ മൂന്ന് തവണ മാർപാപ്പമാര്‍ സന്ദർശനം നടത്തിയിട്ടുണ്ട്. 1964-ൽ ഇന്റർനാഷണൽ യൂക്കരിസ്റ്റിക് കോൺഗ്രസിൽ പങ്കെടുക്കാൻ മുംബൈ സന്ദർശിച്ച പോൾ ആറാമൻ മാർപാപ്പയാണ് ഇന്ത്യ സന്ദർശിച്ച ആദ്യത്തെ പാപ്പ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരിയിൽ കേരളം ഉൾപ്പെടെ ഭാരതത്തിലെ പല സ്ഥലങ്ങളും സന്ദർശിക്കുകയും 1999 നവംബറിൽ വീണ്ടും ന്യൂഡൽഹി സന്ദർശിക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാനത്തിനും കാരണമാകുമെന്നാണു ഏവരുടെയും പ്രതീക്ഷ.

Tag: Pope Francis to India, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 819