News - 2024

ക്രൈസ്തവരെ കൊന്നൊടുക്കുന്ന ഫുലാനികളെ അജ്ഞാതരെന്ന ലേബലില്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: ഗുരുതര ആരോപണവുമായി നൈജീരിയന്‍ വൈദികന്‍

പ്രവാചകശബ്ദം 02-02-2023 - Thursday

അബൂജ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തുന്ന കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും അതിക്രമങ്ങളും അടക്കമുള്ളവയില്‍ ആക്രമികളെ അജ്ഞാതരെന്ന ലേബലില്‍ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ഗുരുതര ആരോപണവുമായി നൈജീരിയന്‍ വൈദികന്‍. നൈജീരിയയിലെ മാര്‍കുഡി രൂപത വൈദികനായ ഫാ. റെമിഗ്യൂസ് ഇഹ്യൂളയാണ് അക്രമികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്. മാര്‍കുഡി രൂപതയില്‍ മാസംതോറും നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന ഫാ. ഇഹ്യൂള ഇക്കഴിഞ്ഞ ജനുവരി 26-ന് കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ വാര്‍ത്ത പങ്കാളിയായ എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

തങ്ങളുടെ ഗ്രാമങ്ങളില്‍ നടക്കുന്ന ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും പിന്നില്‍ ആയുധധാരികളായ ഫുലാനികള്‍ ആണെന്ന് ഉറപ്പിച്ച് പറഞ്ഞ ഫാ. ഇഹ്യൂള, അധികാരികള്‍ ചാര്‍ത്തിക്കൊടുത്ത ‘അജ്ഞാതരായ തോക്കുധാരികള്‍’ എന്ന ലേബലിലാണ് തഴച്ചു വളരുന്നതെന്നും ആരോപിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ്, അക്രമികളെ 'ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍' എന്ന് പരാമര്‍ശിക്കരുതെന്നും, പകരം ‘അജ്ഞാതരായ ആയുധധാരികളും, കൊള്ളക്കാരും’ എന്ന് മാത്രമേ പറയാവൂ എന്ന കര്‍ശന നിര്‍ദ്ദേശം മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. സത്യം പുറത്തുവരാതിരിക്കുവാനുള്ള പദ്ധതിയാണിതെന്നും ആരും പിടിക്കപ്പെടാതെ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ തുടരുകയെന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“2015 മുതല്‍ നിരപരാധികളായ ഗ്രാമവാസികള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ആക്രമണങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ വളരെ വിരളമാണ്. എന്നാല്‍ ഇതുവരെ ആരും പിടിക്കപ്പെട്ടിട്ടില്ല”- രൂപതയുടെ ജസ്റ്റിസ് ആന്‍ഡ് പീസ്‌ കമ്മീഷന്റെ (ജെ.പി.സി) ഡയറക്ടര്‍ കൂടിയായ ഫാ. ഇഹ്യൂള പറഞ്ഞു. അക്രമികളോട് അനുഭാവമുള്ള ധാരാളം പേര്‍ നൈജീരിയന്‍ സര്‍ക്കാരില്‍ ഉണ്ട്. അതിനാലാണ് ആരും പിടിക്കപ്പെടാത്തതെന്നും, അക്രമികള്‍ക്ക് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്നും, ഫുലാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് അത് വാര്‍ത്തയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും നൈജീരിയയില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് ഫുലാനികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുക്കൊണ്ടിരിക്കുന്നത്.

More Archives >>

Page 1 of 819