News - 2025
കോംഗോയിലെ വിജയകരമായ സന്ദര്‍ശനത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ സുഡാനില്‍
പ്രവാചകശബ്ദം 04-02-2023 - Saturday
ജുബ: യുദ്ധത്തിൽ തകർന്ന ദക്ഷിണ സുഡാനിലേക്ക് ആശ്വാസവുമായി ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം ആരംഭിച്ചു. ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബയിലേക്കുള്ള തന്റെ സന്ദർശനത്തെ "സമാധാനത്തിന്റെ തീർത്ഥാടനം" എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. ഇന്നലെ ഫെബ്രുവരി 3 പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ദക്ഷിണ സുഡാനിൽ വിമാനമിറങ്ങിയ ഫ്രാൻസിസ് മാർപാപ്പയെ ആംഗ്ലിക്കൻ സഭാതലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിൻ വെൽബി, ചർച്ച് ഓഫ് സ്കോട്ട്‌ലൻഡിന്റെ മോഡറേറ്ററായ ഇയിൻ ഗ്രീൻഷീൽഡ്‌സിനും ഒപ്പമാണ് രാജ്യം വരവേല്‍പ്പ് നല്‍കിയത്. അധികാരികളോടും നയതന്ത്ര സേനാംഗങ്ങളോടും സിവിൽ സമൂഹത്തിന്റെ പ്രതിനിധികളോടും ആയിരിക്കും മാർപാപ്പയുടെ രാജ്യത്തെ ആദ്യ പ്രസംഗം.
ഇന്നു ഫെബ്രുവരി 4-ന് ജുബ ആർച്ച് ബിഷപ്പിന്റെ ആസ്ഥാന ദേവാലയമായ സെന്റ് തെരേസാ കത്തീഡ്രലിൽ ബിഷപ്പുമാരെയും വൈദികരെയും സമർപ്പിതരെയും പാപ്പ കാണും. 2011ൽ ദക്ഷിണ സുഡാൻ വേർപിരിഞ്ഞ സുഡാൻ രാജ്യത്തു നിന്നുള്ള ബിഷപ്പുമാരും യോഗത്തിൽ പങ്കെടുക്കും. ദക്ഷിണ സുഡാനിൽ ഏഴ് കത്തോലിക്കാ രൂപതകളുണ്ട്. വത്തിക്കാൻ കണക്ക് അനുസരിച്ച്, കത്തോലിക്കരുടെ എണ്ണം 7.2 ദശലക്ഷമാണ്. സിഐഎ വേൾഡ് ഫാക്ട്ബുക്ക് പ്രകാരം 2022-ൽ രാജ്യത്തെ മൊത്തം ജനസംഖ്യ 11 ദശലക്ഷമാണ്. ഇതില്‍ 60 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്.
2013 ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട് നാല് വർഷത്തിനുള്ളിൽ, 2017 ൽ തന്നെ യാത്രയുടെ സാധ്യതയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചിരുന്നു. വിവിധങ്ങളായ സംഘര്‍ഷങ്ങളെയും ആഭ്യന്തര പ്രശ്നങ്ങളേയും തുടര്‍ന്നു അപ്പസ്തോലിക യാത്ര നീളുകയായിരിന്നു. രാജ്യത്തേക്ക് സഹായം അയക്കുന്നതിനും ദക്ഷിണ സുഡാനിലെ നേതാക്കളെ യഥാർത്ഥവും ശാശ്വതവുമായ ഒരു സമാധാന ഉടമ്പടിയിലെത്താൻ പ്രോത്സാഹിപ്പിക്കുന്നതിനും പാപ്പ ശക്തമായി ഇടപ്പെട്ടിരിന്നു.
യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ അഭയാർത്ഥി പ്രതിസന്ധിയാണ് ദക്ഷിണ സുഡാൻ നേരിടുന്നത്. ഏകദേശം 40 ലക്ഷം അഭയാർത്ഥികൾ രാജ്യം വിട്ട് പലായനം ചെയ്യുകയോ ദക്ഷിണ സുഡാനിൽ ആഭ്യന്തരമായി പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്, ഇവരിൽ പകുതിയിലേറെയും കുട്ടികളാണ്. ഈ പശ്ചാത്തലത്തില്‍ പാപ്പയുടെ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ട്.