Faith And Reason - 2024
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഇനിമുതൽ ദിവ്യകാരുണ്യ ചാപ്പലും
പ്രവാചകശബ്ദം 15-02-2023 - Wednesday
അറ്റ്‌ലാന്റ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ അമേരിക്കയിലെ അറ്റ്‌ലാന്റ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ കൂദാശ ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അറ്റ്‌ലാന്റ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്മായറാണ് ചാപ്പലിന്റെ കൂദാശ നിർവഹിച്ചത്. ആഴ്ചയിലെ ഏഴു ദിവസങ്ങളിലും 24 മണിക്കൂറും വിശ്വാസികൾക്ക് ഇതിൽ പ്രവേശിച്ച് പ്രാർത്ഥിക്കാൻ സാധിക്കും. ഹാർട്ട്സ്ഫീൽഡ്- ജാക്സൺ വിമാനത്താവളത്തിലെ ചാപ്ലിൻമാരുടെയും, അറ്റ്‌ലാന്റ അതിരൂപതയുടെയും ശ്രമഫലം വഴിയാണ് ചാപ്പൽ തുറക്കാൻ കാരണമായത്.
ആർച്ച് ബിഷപ്പിന്റെ അനുമതിയോടുകൂടി കഴിഞ്ഞ നവംബർ മാസം തന്നെ സക്രാരി ഇവിടെ പ്രതിഷ്ഠിച്ചിരുന്നു. യാത്രക്കാർക്കും, വിമാനത്താവളത്തിലെ ജീവനക്കാർക്കും മാത്രമേ ഇതുവരെ ചാപ്പലിൽ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ. വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ വേണ്ടി ലോകത്തിന്റെ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇവിടെ ഒരു ചാപ്പൽ വളരെയധികം ആവശ്യമായിരുന്നുവെന്ന് ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. കെവിൻ പീക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം പ്രതിദിനം മൂന്നുലക്ഷത്തോളം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോകുന്നത്. 64000 ജോലിക്കാർ എങ്കിലും എപ്പോഴും വിമാനത്താവളത്തിൽ കാണുമെന്നും, ഈ അംഗസംഖ്യ ഒരു പട്ടണത്തിലെയോ, നഗരത്തിലെയോ ജനസംഖ്യയ്ക്ക് തുല്യമാണെന്നും ഫാ. കെവിൻ ചൂണ്ടിക്കാട്ടി. ഒട്ടും പ്രതീക്ഷിക്കാത്തയിടത്ത് ക്രിസ്തുവിനെ കണ്ടുമുട്ടാനായി സാഹചര്യം ഒരുക്കിത്തരുന്ന ചാപ്പൽ, ഇതിനോടകം തന്നെ നിരവധി ജീവിതങ്ങളെ സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫാ. കെവിന്റെ പിതാവ് ജോസഫ് പീക്ക് ഒരു പൈലറ്റ് ആയിരുന്നു. തന്റെ പിതാവിന് ദിവ്യകാരുണ്യ ഭക്തി കാത്തുസൂക്ഷിച്ച വ്യക്തിയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ടെർമിനലിലാണ് ചാപ്പൽ സ്ഥിതി ചെയ്യുന്നത്.