Faith And Reason

അമേരിക്കയില്‍ സമർപ്പിത ജീവിതം തെരഞ്ഞെടുക്കുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പത്തിലെ ദൈവാനുഭവമുണ്ടായവർ

പ്രവാചകശബ്ദം 07-02-2023 - Tuesday

കാലിഫോര്‍ണിയ: അമേരിക്കയിൽ സമർപ്പിത ജീവിതം തെരഞ്ഞെടുക്കുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പത്തിൽ ദൈവാനുഭവം ഉണ്ടായവരാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. അമേരിക്കൻ മെത്രാൻ സമിതിക്ക് വേണ്ടി അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തോലേറ്റാണ് ഈ സർവ്വേ നടത്തിയത്. 2022ൽ വ്രതം സ്വീകരിച്ചവരിൽ നിന്നാണ് സർവ്വേയ്ക്ക് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിച്ചത്. 114 പേരാണ് മറുപടി നൽകിയത്. സന്യാസ വ്രതം സ്വീകരിച്ചവരുടെ ശരാശരി പ്രായം മുപ്പത്തിമൂന്നാണ്. വ്രതം സ്വീകരിച്ച പകുതിയോളം പേരും 34 വയസ്സിന് താഴെ പ്രായമുള്ളവരാണ്. സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 25 വയസ്സുള്ളപ്പോൾ, സമർപ്പിത ജീവിതാന്തസിലേക്ക് പ്രവേശിച്ച ഏറ്റവും പ്രായം കൂടിയ ആൾക്ക് 75 വയസ്സാണ് പ്രായമുള്ളതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സർവ്വേയുടെ ഭാഗമായവരിൽ 78% പേരും അമേരിക്കയിൽ ജനിച്ചവരാണ്. അമേരിക്കയിലേക്ക് ചേക്കേറിയതിന് ശേഷം സമർപ്പിത ജീവിതം തെരഞ്ഞെടുത്തവരുടെ കണക്കെടുത്താൽ ഇവരുടെ ശരാശരി പ്രായം 21 ആണ്. 2022ൽ വ്രത വാഗ്ദാനം നൽകിയവരിൽ 88 പേർ പുരുഷന്മാരും, 80 പേർ സ്ത്രീകളുമാണ്. വ്രതവാഗ്ദാനം സ്വീകരിച്ചവരിൽ 95 ശതമാനം പേരെയും സ്വന്തം മാതാപിതാക്കളാണ് വളർത്തിയത്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ സമർപ്പിത വിളികളും വന്നിരിക്കുന്നത്. പ്രതികരണം നടത്തിയവരിൽ 97 ശതമാനത്തിനും സഹോദരങ്ങളുണ്ട്. 35 ശതമാനം പേർക്കും നാലിൽ കൂടുതൽ സഹോദരങ്ങൾ ഉണ്ടെന്നും സർവ്വേ റിപ്പോർട്ട് പറയുന്നു.

സർവ്വേയുടെ ഭാഗമായവരിൽ 30% പേർക്കും, ബന്ധുവായി ഒരു വൈദികനോ, സമർപ്പിതം ജീവിതം തിരഞ്ഞെടുത്ത ഒരാളോ ഉണ്ട്. ഇവരിൽ ഭൂരിപക്ഷം പേർക്കും ഉയർന്ന വിദ്യാഭ്യാസമാണുള്ളത്. 75% സമർപ്പിതരും ബിരുദം പൂർത്തിയാക്കിയവരാണ്. സർവ്വേയിൽ പങ്കെടുത്തവരിൽ പത്തിൽ ഒന്‍പതു പേരും ഏതെങ്കിലും ഭക്തസംഘടനകളായോ, പരിപാടികളായോ ബന്ധമുള്ളവരാണ്. ഇവരിൽ പകുതിയോളം പേർ യുവജനപ്രസ്ഥാനങ്ങളിൽ സജീവമായി പങ്കാളികളായിരുന്നു. 94 ശതമാനം പേരും അനുദിന പ്രാർത്ഥനകളിൽ പങ്കാളികളാകുന്നവരായിരുന്നു. പ്രതികരണം നടത്തിയവരിൽ 77% പേരും മുടങ്ങാതെ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്നു. 70% പേരും ജപമാല പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകിയിരുന്നവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Related Articles »