Faith And Reason - 2024

ആസ്ബറിയില്‍ ദൃശ്യമായ അതേ തീക്ഷ്ണതയോടെ നോമ്പുകാലത്തെ സമീപിക്കാം: കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍

പ്രവാചകശബ്ദം 27-02-2023 - Monday

കെന്റക്കി: അമേരിക്കയിലെ കെന്റക്കി ആസ്ബറി സര്‍വ്വകലാശാലയില്‍ ഒരു ദിവസത്തേക്കെന്ന രീതിയില്‍ ആരംഭിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മ യാതൊരു പരസ്യ പ്രചരണവും കൂടാതെ തുടര്‍ച്ചയായി രണ്ടാഴ്ചയിലധികം നീണ്ടതിന്റെ അതേ ആവേശത്തോടെയും ചൈതന്യത്തോടെയും നോമ്പുകാലത്തെ സമീപിക്കണമെന്ന് ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. ‘ഫോക്സ് ന്യൂസ്’ന് അഭിമുഖത്തിലാണ് കര്‍ദ്ദിനാളിന്റെ പ്രതികരണം.

ഇത് അസാധാരണമായൊരു ശുഭവാര്‍ത്തയാണ്. യാതൊരു ആസൂത്രണവും കൂടാതെയാണ് ഇത് സംഭവിച്ചതെന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. തികച്ചും ആത്മാര്‍ത്ഥമായി തന്നെ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനയുടെയും, ദൈവവചനത്തിന്റെയും, കൂട്ടായ്മയുടെയും, വിശ്വാസത്തിന്റെയും ആവശ്യം മനസ്സിലാക്കുകയും, സുവിശേഷത്തിലൂടെ യേശു നമ്മോടു പറയുന്നത് പോലെ അതിനായി മുന്നോട്ട് വരികയും ചെയ്തുവെന്നു കര്‍ദ്ദിനാള്‍ ഡോളന്‍ സ്മരിച്ചു.

പതിനായിരകണക്കിന് വിശ്വാസികള്‍ 16 ദിവസത്തോളം നീണ്ട മാരത്തോണ്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത അതേ ആവേശത്തോടും, ആകാംക്ഷയോടും കൂടി വേണം നമ്മള്‍ നോമ്പുകാലത്തെ സമീപിക്കുവാനെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. മറ്റ് ജനതകളില്‍ നിന്നും വ്യത്യസ്തരാണ് നമ്മള്‍. ദൈവത്തിന്റെ കീഴിലുള്ള ഒറ്റരാഷ്ട്രമാണ് നമ്മളെന്നു രാഷ്ട്ര രൂപീകരണ സമയത്ത് അമേരിക്കന്‍ ചരിത്രകാരന്മാര്‍ പറഞ്ഞിരുന്നതെന്ന കാര്യം ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍ ഇത്തരത്തിലൊരു ആത്മീയവും, മതപരവുമായ നവീകരണമാണ് നമുക്കാവശ്യമെന്നും പറഞ്ഞു.

‘ഞാനൊരു പാപിയാണെന്ന് ഏറ്റുപറഞ്ഞുകൊണ്ട്', ദൈവത്തിന്റെ കൃപയും കരുണയും ആവശ്യമുണ്ടെന്നും, 40 ദിവസത്തെ പ്രാര്‍ത്ഥനയിലേക്കും, പരിത്യാഗത്തിലേക്കും പ്രവേശിക്കുന്നതാണ്’ വിഭൂതിയുടെ അര്‍ത്ഥമെന്നും, അതാണ്‌ നോമ്പിലേക്കുള്ള വിളിയെന്നും പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. തികച്ചു അപ്രതീക്ഷിതമായിരുന്നു ആസ്ബറി റിവൈവലിന്റെ വിജയം.

ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ആസ്ബറി യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ ചാപ്പലില്‍ നടന്ന കൂട്ടായ്മക്കു ശേഷം വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകാതെ പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. ആ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ സമൂഹമാധ്യമങ്ങള്‍ വഴി കേട്ടറിഞ്ഞ ആയിരങ്ങള്‍ എത്തിയതോടെ ഒരു ദിവസം കൊണ്ട് അവസാനിക്കേണ്ടിയിരുന്ന പ്രാര്‍ത്ഥന രണ്ടാഴ്ചക്ക് ശേഷമാണ് അവസാനിച്ചത്. ഇപ്പോഴും വിശ്വാസികള്‍ വരുന്നുണ്ടെങ്കിലും മധ്യകാല പരീക്ഷകള്‍ വരുന്നതിനാല്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുകയാണ് ചെയ്തത്. കാനഡയില്‍ നിന്നും, സിംഗപ്പൂരില്‍ നിന്നും വരെ വിശ്വാസികള്‍ ആസ്ബറി റിവൈവലില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.


Related Articles »