Social Media
മാനസാന്തരത്തിന്റെ വഴികളിലൂടെ നയിക്കുന്ന പരിശുദ്ധാത്മാവ് | തപസ്സു ചിന്തകൾ 9
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 28-02-2023 - Tuesday
"മാനസാന്തരത്തിന്റെ യാർത്ഥ വഴികളിലൂടെ പരിശുദ്ധാത്മാവു നമ്മെ നയിക്കട്ടെ, അതു വഴി ദൈവവചനം എന്ന ദാനം വീണ്ടും കണ്ടെത്തുന്നതിനു നമുക്കു കഴിയും"- ഫ്രാൻസിസ് പാപ്പ.
നോമ്പുകാലം മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും സമയമാണ്. അതിനു നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവിൻ്റെ നിമന്ത്രണങ്ങൾക്കനുസരിച്ച് ജീവിതം വിധേയപ്പെടുത്തുന്നതാണ് അത്. പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസിൽ രൂപപ്പെടുത്തിയാലേ നോമ്പു യാത്ര അർത്ഥവത്താവുകയുള്ളു. പരിശുദ്ധാരൂപിയുടെ ഒരനുഗ്രഹമോ നല്ല വിചാരമോ നഷ്ടപ്പെടുത്തി കളയുന്നത് ആദ്ധ്യാത്മിക സൗധത്തിൻ്റെ ഒരു ഭാഗം ഇടിച്ചു പൊളിക്കുന്നതിനു തുല്യമാണ്. വിശന്നിരിക്കുന്നവൻ അപ്പം വാങ്ങിയിട്ട് ഭക്ഷിക്കാതെ വലിച്ചെറിയുന്നതുപോലെയാണ്.
"കത്തോലിക്കാ സഭയുടെ ജീവൻ" എന്നു വിശുദ്ധ ആഗസ്തീനോസ് വിശേഷിപ്പിക്കുന്ന പരിശുദ്ധാരൂപിയോടുള്ള ഭക്തിയിൽ വളർന്ന് കൃപാവരങ്ങളുടെ സുവർണ്ണ താക്കോലുകൾ ഈ നോമ്പുകാലത്തു നമുക്കു സ്വന്തമാക്കാം. അനുതാപമുള്ള ഹൃദയത്തോടുകൂടി പരിശുദ്ധാരൂപിയെ സമീപിച്ചാൽ കൃപാവരങ്ങളുടെ വസന്തം നമ്മുടെ ജീവിതത്തിലും സംഭവിക്കും, അതിനായി തീക്ഷ്ണമായി നമുക്ക് ഒരുങ്ങാം.