News - 2024

വനിതാദിനത്തിൽ ബൊക്കോഹറാമിന്റെ ഇരകളായ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പാപ്പയെ സന്ദര്‍ശിക്കും

പ്രവാചകശബ്ദം 02-03-2023 - Thursday

വത്തിക്കാന്‍ സിറ്റി: മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിൽ ആഫ്രിക്കയിലെ ബൊക്കോഹറാം തീവ്രവാദത്തിന്റെ ഇരകൾ ഫ്രാന്‍സിസ് പാപ്പയെ സന്ദർശിക്കും. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്‍റെ ആഭിമുഖ്യത്തിലാണ് കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്. നൈജീരിയയിൽ ബൊക്കോഹറാം ഭീകരവാദത്തിന് ഇരയായ ക്രിസ്ത്യൻ പെൺകുട്ടികളായ മരിയ ജോസഫും, ജനാധ മാർക്കൂസും പാപ്പയുമായി കൂടിക്കാഴ്ച നടത്തും. 'അവരുടെ നിലവിളി കേൾക്കുക' എന്ന വാചകവുമായാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനം എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന കൊണ്ടാടുന്നത്.

ഏകദേശം എഴുപത്തിഅയ്യായിരത്തിനും അധികം ആളുകളെ കൊന്നൊടുക്കിയ ബൊക്കോഹറാം ഭീകരത ലോകമനഃസാക്ഷിയെ തന്നെ പലപ്പോഴും ഞെട്ടിച്ചിട്ടുള്ളതാണ്. എട്ടാം തീയതി നടക്കുന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പ ഈ പെൺകുട്ടികളെ സ്വീകരിക്കുക. തുടർന്ന് ഇറ്റാലിയൻ പാർലമെന്റിലും ഇവർക്ക് സ്വീകരണം നല്‍കും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ഇവര്‍ അവസരമൊരുക്കിയിട്ടുണ്ട്.

വടക്കു കിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലെ ട്രോമ സെന്ററിൽ നിന്നുള്ള വൈദികരും വിദഗ്ധരും ചേർന്നാണ് ഈ രണ്ടുപെൺകുട്ടികളെയും രക്ഷപ്പെടുത്തി സംരക്ഷണകേന്ദ്രത്തിലേക്ക് എത്തിച്ചത്. സംഘടനയുടെ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ നിർമ്മിച്ച ഈ കേന്ദ്രം പ്രാദേശിക രൂപതയുടെ നിയന്ത്രണത്തിലാണ്. തീവ്രവാദി അക്രമത്തിന് ഇരയായവർക്ക് മാനസികവും ശാരീരികവുമായ സമഗ്രസംരക്ഷണം ഈ കേന്ദ്രം ഉറപ്പുനൽകുന്നുണ്ട്.

More Archives >>

Page 1 of 825