News - 2024
വിശുദ്ധ കുരിശിനെയും കുമ്പസാരത്തെയും അവഹേളിച്ച് എസ്‌എഫ്‌ഐയുടെ ഫ്ലക്സ് ബോർഡുകൾ: വ്യാപക പ്രതിഷേധം
പ്രവാചകശബ്ദം 06-03-2023 - Monday
തലശ്ശേരി: വിശുദ്ധ കുരിശിനെയും കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്‌എഫ്‌ഐയുടെ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. യൂണിവേഴ്സിറ്റി കലോത്സവുമായി ബന്ധപ്പെട്ട് തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിലാണ് ക്രൈസ്തവരുടെ വിശുദ്ധ അടയാളങ്ങളെ അപമാനിക്കുന്ന പരാമർശങ്ങളുള്ളത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം കനക്കുകയാണ്. അധികാര ധാര്‍ഷ്ട്യ മറവില്‍ എസ്‌എഫ്‌ഐ ക്രൈസ്തവ സമൂഹത്തോട് നടത്തിയ വെല്ലുവിളിയായാണ് പലരും ഇതിനെ നിരീക്ഷിക്കുന്നത്.
ക്രൈസ്തവ സമൂഹത്തിനെതിരെ ബ്രണ്ണൻ കലോത്സവ ഇടങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള പോസ്റ്ററുകൾ തികച്ചും പരിഹാസ്യമാണെന്നും സമുദായത്തെ തന്നെ ഒന്നടങ്കം അപമാനിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം അറിയിക്കുകയാണെന്നും തലശ്ശേരി അതിരൂപത കെസിവൈഎം എസ്‌എംവൈഎം പ്രതികരിച്ചു. കണ്ണുനീരിലും നൊമ്പരത്തിലും അനേകായിരങ്ങൾക്ക് തണലാണ് കുരിശ്. തെറ്റുകൾ സംഭവിക്കുമ്പോൾ മനസ്താപത്തോടെ ഓടിയെത്താനുള്ള സ്വർഗ്ഗത്തിന്റെ മടിത്തട്ടാണ് ഞങ്ങൾക്ക് കുമ്പസാരം. മരണവും ഉത്ഥാനവും മാനുഷികമായ വേദനകൾക്കപ്പുറം നിത്യജീവനിലേക്കുള്ള തുടക്കമാണ്.
സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ, കലയുടെ, പങ്കുവെക്കലിന്റെ ഇടങ്ങൾ ആകേണ്ട കലോത്സവങ്ങളിൽ ന്യൂനപക്ഷമാകുന്ന ഒരു സമുദായത്തിന്റെ, തികച്ചും ആത്മീയവും മതപരവുമായ ചിഹ്നങ്ങളെ പ്രഹസന വിപ്ലവത്തിന്റെ പേരിൽ ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്നും അതിരൂപത യുവജന നേതൃത്വം പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് എസ്‌എഫ്‌ഐക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുകയാണെന്ന് താമരശ്ശേരി രൂപത കെസിവൈഎം പ്രതികരിച്ചു.
ക്രൈസ്തവരുടെ വിശ്വാസത്തെ വികലമായി എസ്‌എഫ്‌ഐ ഇത്തരത്തിൽ "ആവിഷ്കരിക്കുന്നത്" ഇത് ആദ്യമായല്ല. ആവിഷ്കാര സ്വാതന്ത്രം അതിരുകടന്നാൽ നിങ്ങളുടെ കപട പ്രത്യയശാസ്ത്രത്തെ ഇതുപോലെ പൊതുവേദിയിൽ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ യുവതക്ക് ഭരണഘടന നൽകുന്നുണ്ട് എന്ന കാര്യം മറക്കേണ്ടയെന്ന്‍ രൂപത കെസിവൈഎം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
''പ്രായത്തിന്റെ തിളപ്പിൽ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ലാന്ന് എസ്‌എഫ്‌ഐയ്ക്കു പറഞ്ഞു തരാൻ ഒരു പ്രത്യയശാസ്ത്രം പോലും ഇല്ലാത്തതാണ് പ്രസ്ഥാനത്തിന്റെ കുറവ്. 'ലക്ഷ്യം കാണാൻ ഏത് മാർഗവും തിരഞ്ഞെടുക്കാം' എന്നതാണല്ലോ നിങ്ങളുടെ താത്വിക ആചാര്യന്മാരുടെ ഉപദേശം. നിങ്ങളുടെ ലക്ഷ്യം എന്താണെന്നു പലപ്പോഴായി പൊതുസമൂഹത്തിന് വ്യക്തമാകുന്നുണ്ട്''. പക്ഷെ അതിനു ഉപയോഗിക്കുന്ന മാർഗം കുറഞ്ഞ പക്ഷം പിതൃശൂന്യതയുടെ മാർഗമായി തരംതാഴ്ത്തപ്പെടരുതെന്ന് ഓർമിപ്പിക്കുകയാണെന്നും കെസിവൈഎം പ്രതികരിച്ചു.