News

ഹെയ്തിയില്‍ നിന്നും അക്രമി സംഘം തട്ടിക്കൊണ്ടുപോയ മിഷ്ണറി വൈദികന്‍ മോചിതനായി

പ്രവാചകശബ്ദം 07-03-2023 - Tuesday

പോര്‍ട്ട്‌-ഒ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ നിന്നും കുറ്റവാളി സംഘം തട്ടിക്കൊണ്ടുപോയ കാമറൂണ്‍ സ്വദേശിയായ ക്ലരീഷ്യന്‍ വൈദികന്‍ ഫാ. അന്റോയിന്‍ മക്കെയര്‍ മോചിതനായി. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്‌-ഒ-പ്രിന്‍സിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ വൈദികനെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും, 10 ദിവസങ്ങള്‍ക്ക് ശേഷം തട്ടിക്കൊണ്ടുപോയവര്‍ പുറത്തു പോയ സമയത്താണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും ഫാ. ക്രൂസ് ‘സി.എന്‍.എ’യുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുപ്പട്ടം സ്വീകരിച്ച ഫാ. മക്കെയര്‍ കഴിഞ്ഞ ഒരുവര്‍ഷമായി കാസലിലെ സെന്റ്‌ മൈക്കേല്‍ ഇടവകയിലെ പറോക്കിയല്‍ വികാരിയായി സേവനം ചെയ്തു വരികയാണ്.

ഫെബ്രുവരി 7നു രാവിലെ പോര്‍ട്ട്‌-ഒ-പ്രിന്‍സില്‍ നിന്നും 20 മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്ന കാസലിലെ മിഷ്ണറി കമ്മ്യൂണിറ്റി സന്ദര്‍ശിക്കുവാന്‍ പോകുന്ന വഴിക്കാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 17ന് പുലര്‍ച്ചെ 1 മണിക്ക് തട്ടിക്കൊണ്ടുപോയവര്‍ പുറത്തുപോയ തക്കം നോക്കി, പൂട്ടിയിട്ടിരുന്ന റൂമിലെ മേല്‍ക്കൂരയില്‍ വിടവുണ്ടാക്കി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. രാവിലെ 5.30-ന് കാബരെറ്റ് എന്ന പട്ടണം എത്തുന്നത് വരെ അദ്ദേഹം ഓടി. പരിചയമുള്ള ഒരു വൈദികനാണ് അദ്ദേഹത്തെ ഇടവകയില്‍ എത്തിച്ചത്. കുറച്ചു ദിവസം അവിടെ കഴിഞ്ഞ ശേഷം അദ്ദേഹത്തെ ഗോണാവെ ദ്വീപില്‍ എത്തിക്കുകയും, പിന്നീട് എയര്‍പോര്‍ട്ടില്‍ എത്തിക്കുകയുമായിരുന്നു.

ദൈവമാതാവിന്റെ നിര്‍മ്മലഹൃദയത്തോടും പാദുവായിലെ വിശുദ്ധ അന്തോണീസിനോടും, വിശുദ്ധ അന്തോണി മേരി ക്ലാരെറ്റിനോടും, നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ തടവില്‍ കഴിയുമ്പോള്‍ ഭയമൊന്നും ഇല്ലായിരുന്നെന്നു വൈദികന്‍ വെളിപ്പെടുത്തിയെന്നും, ലോകം മുഴുവനുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥന രക്ഷപ്പെടുന്നതില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നും ഫാ. ക്രൂസ് പറഞ്ഞു. തടവില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ വെറും നാല് പ്രാവശ്യമാണ് അദ്ദേഹത്തിന് ഭക്ഷണം, വെള്ളവും നല്‍കിയത്.

ഇത്രയും ദിവസം തടവില്‍ പിടിച്ചുനില്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞതില്‍ തട്ടിക്കൊണ്ടുപോയവര്‍ പോലും അത്ഭുതപ്പെട്ടിട്ടുണ്ടാകാമെന്നും പറഞ്ഞ ഫാ. ക്രൂസ്, എത്രയും പെട്ടെന്ന് തന്നെ ഹെയ്തിയിലേക്ക് തിരികെ വരുവാനാണ്‌ അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. പരാതിനല്‍കുവാന്‍ പോലീസിനെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്കിതില്‍ ഒന്നും തന്നെ ചെയ്യുവാന്‍ കഴിയില്ലെന്നു പറഞ്ഞു പോലീസ് കൈകഴുകയാണ് ചെയ്തത്. സുരക്ഷയെ മാനിച്ച് ഫാ. മക്കെയറിനെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡോമിങ്കോയിലേക്ക് മാറ്റിയിരിക്കുകയാണ്.

2021-മുതല്‍ ഹെയ്തിയില്‍ പ്രസിഡന്റില്ലാത്തതിനാല്‍ കുറ്റവാളി സംഘങ്ങളുടെ കൈയിലാണ് രാജ്യത്തിന്റെ നിയന്ത്രണം. പുതിയ തിരഞ്ഞെടുപ്പുകളൊന്നും നടന്നിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. അധികാരത്തിനായുള്ള പോരാട്ടം സായുധ സംഘങ്ങളും തട്ടിക്കൊണ്ടുപോകുന്നവരും നടത്തുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും രാജ്യത്തെ സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരിന്നു.

More Archives >>

Page 1 of 827