Social Media
ആന്തരിക വിശുദ്ധി നമുക്കു പരിശീലിക്കാം | തപസ്സു ചിന്തകൾ 18
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 09-03-2023 - Thursday
"ഈ നോമ്പുകാലത്ത്, നമ്മെ അടിമകളാക്കുന്ന തിന്മയ്‌ക്കെതിരായ ഗുണകരമായ പോരാട്ടം, നമ്മുടെ ഉള്ളിൽ നടക്കുന്നതിന്, പ്രാർത്ഥനയിൽ, ദൈവ വചനത്തിന് മുന്നിൽ നമ്മെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് ആന്തരിക വിശുദ്ധി നമുക്കു പരിശീലിക്കാം" - ഫ്രാൻസിസ് പാപ്പ.
നമ്മുടെ ആന്തരിക വിശുദ്ധി നിലനിർത്തുവാനും അവയെ വളർത്തുവാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട സമയമാണ് നോമ്പുകാലം. പ്രാർത്ഥനയിലൂടെയും ദൈവവചനാനുസൃതം ജീവിക്കുകയും ചെയ്യുന്നതു വഴിയെ ആന്തരികമായ നിർമ്മലത നമുക്കു കൈവരിക്കാൻ കഴിയു. "ദൈവവചനത്താലും പ്രാര്‍ത്ഥനയാലുമാണ് നാം വിശുദ്ധികരിക്കപ്പെടുന്നത് " (Cf.1 തിമോ 4 : 5). വ്യക്തിപരവും സമൂഹപരവുമായ പ്രാർത്ഥനയ്ക്കായി നാം നോമ്പുകാലത്തു പ്രത്യേകമായി സമയം കണ്ടെത്തണം. നാം ദൈവസന്നിധിയിൽ ഇരിക്കുന്ന തോതനുസരിച്ചേ വിശുദ്ധി നമ്മുടെ ജീവിതത്തിൻ്റെ താളമാവുകയുള്ളു. ദൈവ വചനത്തിന്റെ പ്രകാശത്തിൽ ജീവിതം സ്ഫുടം ചെയ്തെടുക്കുമ്പോൾ നമ്മുടെ ജീവിതം പ്രകാശിക്കുകയും മറ്റുള്ള ജീവിതങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യും.