Faith And Reason - 2024

ജീവന്റെ പ്രഘോഷണവുമായി മാഡ്രിഡ് തെരുവുകളെ ഇളക്കി മറിച്ച് പ്രോലൈഫ് സംഘടനകളുടെ റാലി

പ്രവാചകശബ്ദം 14-03-2023 - Tuesday

മാഡ്രിഡ്: സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ മനുഷ്യ ജീവനു ഭീഷണിയായ നിയമങ്ങള്‍ക്കെതിരെ പ്രോലൈഫ് സംഘടനകളുടെ കൂട്ടായ്മയായ ‘യെസ് റ്റു ലൈഫ്’ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ജീവന്റെ നിലനില്‍പ്പിനുള്ള ഭീഷണികളെയും, അതുമായി ബന്ധപ്പെട്ട കച്ചവടങ്ങളെയും നിലനിര്‍ത്തുന്ന നിയമങ്ങളും, വീടുവീഴ്ചകളും തള്ളിക്കളയണമെന്ന ആവശ്യവുമായിട്ടായിരുന്നു റാലി. അഞ്ഞൂറിലധികം പ്രോലൈഫ് സംഘടനകളുടെ കൂട്ടായ്മയായ ‘യെസ് റ്റു ലൈഫ്’ മാര്‍ച്ച് 25-ന് നടത്തുവാനിരിക്കുന്ന ‘ഇന്റര്‍നാഷണല്‍ ഡേ ഓഫ് ലൈഫ്’ന് മുന്നോടിയായി നടന്ന റാലിയില്‍, “ഒരേസമയം കത്തോലിക്കനും, ഭ്രൂണഹത്യ നടത്തുന്ന വ്യക്തിയുമാകാന്‍ സാധിക്കില്ല”, “എല്ലാ ജീവനും ദൈവത്തിന്റെ അനുഗ്രഹമാണ്”, “മനുഷ്യാവകാശങ്ങള്‍ ഗര്‍ഭാശയത്തില്‍ നിന്നും തുടങ്ങുന്നു” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്.



ജോസ് മാര്‍ട്ടിന്‍ അഗ്വാഡോ, കാര്‍ല റെസ്റ്റോയി തുടങ്ങിയ പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രഭാഷണങ്ങളും, പ്രോലൈഫ് പ്രവര്‍ത്തകരുടെ സഹായത്താല്‍ ഭ്രൂണഹത്യ വേണ്ടെന്ന് തീരുമാനമെടുത്ത രണ്ടു സ്ത്രീകളുടെ അനുഭവസാക്ഷ്യങ്ങളും റാലിയില്‍ പങ്കെടുത്തവരെ ആവേശം കൊള്ളിച്ചു. ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രവര്‍ത്തകരുടെ സഹായത്താല്‍ ഭ്രൂണഹത്യയെ അതിജീവിച്ച സംഭവകഥ തന്റെ മകനായ സാന്റിയാഗോക്കൊപ്പമാണ് മാരിറ്റ എന്ന യുവതി വിവരിച്ചത്. “ഇന്ന് ഞാന്‍ എന്റെ മകനൊപ്പമാണ് ഇവിടെ നില്‍ക്കുന്നത്, എനിക്ക് സംഭവിച്ചതില്‍ ഏറ്റവും വലിയ കാര്യമാണിത്” എന്ന അവളുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. പ്രോലൈഫ് സംഘടനയായ ജുവാന്‍ പാബ്ലോ II റെസ്ക്യൂവേഴ്സ് മാസ് ഫ്യൂച്ചുരോ ഫൗണ്ടേഷന്റെ സഹായത്താല്‍ ഭ്രൂണഹത്യ വേണ്ടെന്നുവെച്ച സംഭവകഥ മെലിസ എന്ന യുവതിയും വിവരിച്ചു.

“ഏതു സമയത്തും, സാഹചര്യത്തിലും ജീവിക്കുവാനും അര്‍ഹിക്കുന്ന അന്തസ്സോടെ പരിഗണിക്കപ്പെടുവാനും ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യര്‍ക്ക് അവകാശമുണ്ടെന്ന” പ്രഖ്യാപന പത്രികയും റാലിയില്‍ വായിച്ചു. മനുഷ്യ ജീവന്റെ ജൈവ ശാസ്ത്രപരമായ സത്യം മറച്ചുവെക്കപ്പെടരുതെന്ന് ആവശ്യപ്പെടുന്ന പത്രികയില്‍ ഭ്രൂണഹത്യ, ദയാവധം, മരണസംസ്കാരം വഴി കുത്തിവെക്കുന്ന അനീതിക്കെതിരേയും ശബ്ദമുയര്‍ത്തുന്നുണ്ട്. എത്രത്തോളം ബുദ്ധിമുട്ടുകള്‍ നേരിട്ടാലും മനുഷ്യജീവന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള ആളുകളെ തങ്ങള്‍ പിന്തുണക്കുന്നുവെന്നും, അവര്‍ക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പത്രിക അവസാനിക്കുന്നത്. അള്‍ട്രാസൗണ്ടില്‍ നിന്നുള്ള ഒരു കുരുന്നു ജീവന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ട ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ആകാശത്തേക്ക് ബലൂണുകള്‍ പറത്തികൊണ്ടായിരുന്നു റാലിയുടെ സമാപനം.

Tag: Thousands of pro-lifers reject in Madrid the laws against human life and nature, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »