Youth Zone

‘ക്രിസ്തുവിനായി ഒരുവര്‍ഷത്തെ ഇടവേള’: യുവജനങ്ങള്‍ക്ക്‌ വിശ്വാസ വെളിച്ചമായി അയര്‍ലണ്ടിലെ ഹോളി ഫാമിലി മിഷന്‍

പ്രവാചകശബ്ദം 17-03-2023 - Friday

ഡബ്ലിന്‍: യുവ മിഷ്ണറിമാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ യുവതീ യുവാക്കള്‍ക്ക് ദിവസവും വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശ്വാസ രൂപീകരണവുമായി ഒരു വര്‍ഷം അയര്‍ലണ്ടില്‍ നടക്കുന്ന ഹോളി ഫാമിലി മിഷന്‍ പരിപാടി ശ്രദ്ധ നേടുന്നു. തങ്ങളുടെ കത്തോലിക്ക വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തുവാനും, ശക്തിപ്പെടുത്തുവാനും ആഗ്രഹിക്കുന്ന പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ പച്ചപ്പ്‌ നിറഞ്ഞ കുന്നിന്‍ പ്രദേശത്തെ 200 വര്‍ഷങ്ങളുടെ പഴക്കമുള്ള ഗ്ലെന്‍ക്കോമെറാഘ് എസ്റ്റേറ്റില്‍ സംഘടിപ്പിക്കുന്ന 9 മാസം നീണ്ട വിശ്വാസ രൂപീകരണ പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.

സ്വയം അറിയുവാനും, കര്‍ത്താവിനെ കൂടുതലായി അറിയുവാനും, കൂടുതല്‍ ആത്മവിശ്വാസത്തോടും, പക്വതയോടും, ജീവിതത്തെ നേരിടുവാനും ഒരു സ്ഥലം ലഭിക്കുക എന്നത് ഒരു വലിയ കാര്യമാണെന്നു വാട്ടര്‍ഫോര്‍ഡ് മെത്രാന്‍ അല്‍ഫോണ്‍സസ് കുള്ളിനന്‍ പറഞ്ഞു. പ്രാര്‍ത്ഥിക്കുവാനും, ദൈവവുമായുള്ള കൂടിക്കാഴ്ചക്കും ഇവിടെ നിരവധി അവസരങ്ങള്‍ ലഭിക്കുകയാണെന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നും ഹോളി ഫാമിലി മിഷനില്‍ പങ്കെടുക്കുവാന്‍ എത്തിയ തെരേസ ജാന്‍സന്‍ പറഞ്ഞു. ‘ദൈവത്തിന് വേണ്ടിയുള്ള ഒരു വര്‍ഷത്തെ ഇടവേള’ എന്നാണ് മുന്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും, അയര്‍ലന്‍ഡിലെ ഒഫാലി കൗണ്ടി സ്വദേശിയുമായ മൈക്കേല്‍ ടിയര്‍നി ഹോളി ഫാമിലി മിഷനെ വിശേഷിപ്പിച്ചത്.

2016-ല്‍ അയര്‍ലന്‍ഡില്‍ സ്ഥാപിതമായ ഹോളി ഫാമിലി മിഷന്‍ എടുത്തുപറയത്തക്കവിധമുള്ള നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ ഹോളി ഫാമിലി മിഷനില്‍ പങ്കെടുത്തവരില്‍ 7 പേര്‍ പൗരോഹിത്യ, സന്യസ്ത ജീവിതം സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, കോളേജ് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ആവശ്യമായ നടക്കല്ല് എന്നാണ് യുവജനങ്ങള്‍ ഈ പരിപാടിയെ കുറിച്ച് പറയുന്നതെന്നും ഹോളി ഫാമിലി മിഷന്റെ സ്ഥാപകരില്‍ ഒരാളും, യൂത്ത് മിനിസ്റ്ററുമായ മോര മര്‍ഫി പറയുന്നു. മര്‍ഫിക്ക് പുറമേ, ഫാ. പാട്രിക് കാഹില്ലും, ഫാ. റെയ്നോള്‍ഡ്സുമാണ് ഈ വിശ്വാസരൂപീകരണ പരിപാടിക്കുള്ള ആശയവുമായി ബിഷപ്പ് കുള്ളിനാനെ സമീപിച്ചത്.

‘പ്രാര്‍ത്ഥിക്കുക’ എന്ന് മാത്രമാണ് അപ്പോള്‍ മെത്രാന്‍ അവരോട് പറഞ്ഞത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സ്വർഗ്ഗം അത്ഭുതകരമായി ഇടപെട്ടു. ഹോളി ഫാമിലി മിഷനായി ഗ്ലെന്‍ക്കോമെരാഘ് എസ്റ്റേറ്റ് ലഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിശ്വാസരൂപീകരണ പരിപാടിക്ക് ആരംഭമായി. നിലവില്‍ 30 പേര്‍ക്കാണ് പ്രവേശനം. ആത്മീയം, വ്യക്തിപരം, വിദ്യാഭ്യാസപരം, കൂട്ടായ്മ, പ്രേഷിതപ്രവര്‍ത്തനം എന്നീ 5 മേഖലകളിലെ രൂപീകരണത്തിലാണ് ഹോളി മിഷന്‍ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.


Related Articles »