News - 2024

കോംഗോയിൽ 35 ക്രൈസ്തവരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്

പ്രവാചകശബ്ദം 17-03-2023 - Friday

സെനഗൽ: കിഴക്കൻ കോംഗോയിൽ കഴിഞ്ഞ ആഴ്ച 35 ക്രൈസ്തവരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഐ‌എസ് വാർത്ത ഏജൻസിയായ അമാക് വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് വടക്കൻ കിവു പ്രവിശ്യയിലെ മുക്കോണ്ടി ഗ്രാമത്തിൽ തോക്കുകളും കത്തികളും ഉപയോഗിച്ച് "ക്രിസ്ത്യാനികളെ" കൊന്നൊടുക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തതു തങ്ങള്‍ ആണെന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദികള്‍ അഗ്നിയ്ക്കിരയാക്കിയ വീടുകളുടെ ഫോട്ടോയും ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ 'അസോസിയേറ്റഡ് പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.

ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിൽ നിന്നുള്ള വിമതർ വിവിധ ഗ്രാമങ്ങളിൽ നടത്തിയ നിരവധി ആക്രമണങ്ങളിൽ 45 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐ‌എസ് ക്രൈസ്തവ കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെടുത്തിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സുമായി സഹകരിക്കുന്നവരെ അറസ്റ്റു ചെയ്തതിനും സ്ഫോടനങ്ങൾ നടത്താനാവശ്യമായ രാസവസ്തുക്കൾ നൽകുന്ന രാസവസ്തുവ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച സൈനീക നടപടിക്കുള്ള പ്രതികാരമായാണ് കൂട്ടനരഹത്യ.

കഴിഞ്ഞയാഴ്ച അമേരിക്കൻ ഭരണകൂടം എ‌ഡി‌എഫ് നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിരിന്നു. കിഴക്കൻ കോംഗോയിൽ പതിറ്റാണ്ടുകളായി 120-ലധികം സായുധ ഗ്രൂപ്പുകൾ അധികാരത്തിനും സ്വാധീനത്തിനും വേണ്ടി പോരാടുകയാണ്. ഇതില്‍ ഇസ്ളാമിക തീവ്രവാദികളില്‍ നിന്ന്‍ ഏറ്റവും കനത്ത ഭീഷണി നേരിടുന്നത് ക്രൈസ്തവരാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2018 ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 96% ക്രൈസ്തവരാണ്. പക്ഷേ രാജ്യത്തു ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ ആശങ്കയ്ക്കു വഴി തെളിക്കുന്നത്.


Related Articles »