News - 2024

വിടവാങ്ങിയത് 5 മാർപാപ്പമാരുടെ കീഴില്‍ സ്തുത്യര്‍ഹ സേവനം ചെയ്ത 'സീറോ മലബാര്‍ സഭയുടെ കിരീടം'

പ്രവാചകശബ്ദം 18-03-2023 - Saturday

ചങ്ങനാശേരി: സീറോ മലബാർ സഭയിൽ വിശ്വാസത്തിന്റെ ധീരപ്പോരാളിയായി സേവനം ചെയ്ത മാർ ജോസഫ് പവ്വത്തിൽ അഞ്ച് മാർപാപ്പമാരുടെ കീഴില്‍ പ്രവർത്തിക്കാന്‍ അവസരം ലഭിച്ച വ്യക്തികൂടിയാണ്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്താണ് അദ്ദേഹം വൈദികനായി അഭിഷിക്തനാകുന്നത്. തിരുപ്പട്ട സ്വീകരണത്തിന് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 1972-ല്‍ മാര്‍ പവ്വത്തിലിനെ മെത്രാനായി നിയമിച്ചപ്പോള്‍ സ്ഥാനാരോഹണം നടന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരിന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. അന്നു പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തത്. പാപ്പയുടെ കീഴില്‍ അന്നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി.

1978 ഓഗസ്റ്റ്‌ 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിച്ച ജോണ്‍ പോള്‍ ഒന്നാമന്റെ കീഴിലും അദ്ദേഹം സേവനം ചെയ്തു. പിന്നീട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറക്കു ശേഷം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തിരുസഭയെ നയിച്ചുക്കൊണ്ടിരിന്ന കാലയളവിലാണ്. 1986 ജനുവരി 17ന് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. 2005-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി ബെനഡിക്ട് പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാപ്പയുടെ കീഴില്‍ സേവനം ചെയ്യുവാനും അദേഹത്തിന് കഴിഞ്ഞു. മാര്‍ പവ്വത്തില്‍ ബെനഡിക്ട് മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്നു. അദ്ദേഹമാണ് മാർ പവ്വത്തിലിന് സീറോ മലബാര്‍ സഭയുടെ കിരീടമെന്ന വിശേഷണം നൽകിയത്.

പില്‍ക്കാലത്ത് സഭ വിശ്വാസ- രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ആരാധനാക്രമ പരിഷ്കരണം, ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കർക്കശ നിലപാടാണ് സ്വീകരിച്ചത്. വിശ്വാസ പാരമ്പര്യങ്ങളില്‍ ബെനഡിക്ട് പാപ്പയും വളരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിന്നത്. 2007-ല്‍ വിരമിച്ചെങ്കിലും ഫ്രാന്‍സിസ് പാപ്പയുടെ കീഴില്‍ തന്റെ നിശബ്ദമായ ശുശ്രൂഷ മാര്‍ പവ്വത്തില്‍ തുടരുകയായിരിന്നു. സഭയുടെ ശ്ലൈഹിക പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരനും പൗരസ്ത്യ ആധ്യാത്മികതയുടെ വക്താവുമായി നിലകൊണ്ട മാർ ജോസഫ് പവ്വത്തിൽ നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ സഭയ്ക്കു ലഭിച്ചതു അളവില്ലാത്ത നന്മകളായിരിന്നുവെന്നു തന്നെയാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

More Archives >>

Page 1 of 829