News - 2024

നൈജീരിയന്‍ ആർച്ച് ബിഷപ്പ് ന്വചുക്വു സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി

പ്രവാചകശബ്ദം 17-03-2023 - Friday

വത്തിക്കാന്‍ സിറ്റി: നൈജീരിയയിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ഫോർത്തുണാത്തൂസ് ന്വചുക്വുവിനെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഡിക്കസ്റ്ററിയിലെ നവ സുവിശേഷവത്കരണത്തിനും, വ്യക്തിഗത സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിലായിരിക്കും അദ്ദേഹം സേവനമനുഷ്ഠിക്കുക. 2021 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭയിലേക്കും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലും വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്‌തു വരുന്നതിനിടെയാണ് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിന് ഈ പുതിയ നിയോഗം നൽകിയിരിക്കുന്നത്. 1994-ൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തില്‍ ചേർന്ന അദ്ദേഹം 2012 മുതൽ വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക് ന്യൂൺഷ്യോയായും സേവനം ചെയ്തിട്ടുണ്ട്.

1960 മെയ് 10 ന് നൈജീരിയയിലെ അബിയ സംസ്ഥാനത്തിലെ എൻറ്റിഗയിലാണ് ഫോർചുനാറ്റസ് ന്വചുക്വു ജനിച്ചത്. തുടർന്ന് ബിഗാർഡ് മെമ്മോറിയൽ സെമിനാരിയില്‍ ഫിലോസഫി പഠിച്ചു. 1984 ജൂൺ 17-ന് ബിഷപ്പ് ആന്റണി ഗോഗോ ന്വെഡോയിൽ നിന്ന് ഉമുവാഹിയ രൂപത വൈദികനായി അഭിഷിക്തനായി. 2007 സെപ്റ്റംബർ 4-ന് അദ്ദേഹം വത്തിക്കാന്‍ സെക്രട്ടേറിയറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ചീഫ് ആയി നിയമിതനായി. 2012 നവംബർ 12-ന്, ബെനഡിക്ട് മാർപാപ്പ അദ്ദേഹത്തെ അക്വാവിവയിലെ ടൈറ്റുലർ ആർച്ച് ബിഷപ്പായും നിക്കരാഗ്വയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായും നിയമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയായി സേവനം ചെയ്തു.

2021 ഡിസംബർ 17-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ജനീവയിലെ ഐക്യരാഷ്ട്രസഭയിലും ലോക വ്യാപാര സംഘടനയിലും (WTO) പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി നാമകരണം ചെയ്‌തു. അറബി, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി നിരവധി ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. 2021 ഡിസംബർ 23-ന്, റോമൻ കൂരിയയിലെ മുതിർന്ന അംഗങ്ങളോടുള്ള തന്റെ ക്രിസ്മസ് സന്ദേശത്തില്‍ വായിക്കാന്‍ ആഹ്വാനം നല്‍കിയ പുസ്തകങ്ങളില്‍ ആർച്ച് ബിഷപ്പ് ഫോർത്തുണാത്തൂസിന്റെ രചനയുമുണ്ടായിരിന്നു.


Related Articles »