News - 2024
ഫാ. ഡോ. ജേക്കബ് തെക്കേപറമ്പില്‍ പൗരസ്ത്യ സഭാകാര്യാലയത്തിലെ പ്രത്യേക കൺസൾട്ടന്‍റ്
പ്രവാചകശബ്ദം 19-03-2023 - Sunday
വത്തിക്കാൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ (SEERI) ഡയറക്ടറായ റവ. ഡോ. ജേക്കബ് തെക്കേപറമ്പിലിനെ വത്തിക്കാനിലുള്ള പൗരസ്ത്യ സഭാകാര്യാലയത്തിന്റെ ഭാഗമായ ആരാധനാക്രമത്തിനുവേണ്ടിയുള്ള പ്രത്യേക കമ്മീഷന്റെ കൺസൾട്ടന്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഇരുപത്തിമൂന്ന് പൗരസ്ത്യ സഭകളുടെ ആരാധനക്രമ സംബന്ധമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് പൗരസ്ത്യ തിരുസംഘം ഉപദേശം തേടുന്നത് ഈ കമ്മീഷനോടാണ്.
1942-ൽ ജനിച്ച ഫാ. ജേക്കബ് തെക്കേപറമ്പിൽ, കോട്ടയത്തിനടുത്തുള്ള പരിയാരത്തും പുതുപ്പള്ളിയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിഭദ്രാസനത്തിന്റെ മൈനർ സെമി നാരിയിലും പൂനയിലുള്ള പൊന്തിഫിക്കൽ അത്തനേയത്തിലുമായി സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കി 1968 ഒക്ടോബര്‍ 15നു വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പാരീസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
സുറിയാനി ഭാഷ, സഭൈക്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത പഠന ങ്ങൾക്കായി 1985ൽ കോട്ടയത്ത് സ്ഥാപിതമായ സീരിയുടെ സ്ഥാപക ഡയറക്ടറായ അദ്ദേഹം, സുറിയാനി ഭാഷ, ആരാധനാക്രമം, സഭൈക്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളെപ്പറ്റി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.