Faith And Reason

പതിവ് തെറ്റിക്കാതെ യേശുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മയില്‍ ജെറുസലേമും

പ്രവാചകശബ്ദം 03-04-2023 - Monday

ജെറുസലേം: യഹൂദ വാസസ്ഥലങ്ങളുടെ വിപുലീകരണവും, ആക്രമണങ്ങളെയും തുടര്‍ന്നു വിശുദ്ധ നാട്ടില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടുന്നതിനിടെ വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹം ഓശാന ഞായര്‍ (കുരുത്തോല തിരുനാള്‍) ആഘോഷിച്ചു. വിശുദ്ധ വാരാചരണത്തിന്റെ തുടക്കം എന്ന നിലയില്‍ യേശുവിന്റെ ജെറുസലേമിലേക്കുള്ള വരവിന്റെ ഓര്‍മ്മകള്‍ പുതുക്കികൊണ്ട് ഒലിവ് മലയില്‍ നടന്ന ഓശാന ഞായര്‍ പ്രദക്ഷിണത്തില്‍ കൈയില്‍ ഈന്തപ്പനയോലകളും, ഒലിവ് ശിഖരങ്ങളുമായി നൂറുകണക്കിന് ക്രൈസ്തവര്‍ പങ്കെടുത്തു. പ്രദക്ഷിണത്തിന് ശേഷം യേശുവിനെ സംസ്ക്കരിച്ച തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന തിരുക്കല്ലറ പള്ളിയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.

സ്നേഹവും, ജീവനുമാണ് ആഘോഷിക്കുന്നതെന്നും അക്രമത്തേക്കാളും കൂടുതലായി ഈ സ്നേഹവും, ജീവനുമാണ് നമ്മുടെ ജീവിതത്തെ തീരുമാനിക്കേണ്ടതെന്നും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല വിശുദ്ധ കുര്‍ബാനക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ജറുസലേമിലും, ഒലിവ് മലക്ക് ചുറ്റുമുള്ള യഹൂദ കുടിയേറ്റക്കാരുടെ വ്യാപനത്തോടെ മേഖലയിലെ ക്രൈസ്തവ സമൂഹം ഞെരുക്കത്തിലാണെന്ന് പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ വിദേശ സന്ദര്‍ശകരുടെ വരവിനെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 2,61,353 വിദേശ തീര്‍ത്ഥാടകര്‍ ഇക്കൊല്ലത്തെ വിശുദ്ധ വാരത്തില്‍ ജെറുസലേമില്‍ എത്തുമെന്നാണ് ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടക കാര്യാലയം പറയുന്നത്. ലാറ്റിന്‍ കത്തോലിക്കരും, കോപ്റ്റിക് വിശ്വാസികളും വളരെ സഹകരണത്തോടെയാണ് തിരുക്കല്ലറപ്പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നത്. ഇസ്രായേലികളും, പലസ്തീനികളും തമ്മിലുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്നു വളരെയേറെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിശുദ്ധ നാട്ടിലെ കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം.


Related Articles »