Daily Saints.

0: September 2: വിശുദ്ധ അഗ്രിക്കോളസ്

ജേക്കബ് സാമുവേൽ 02-09-2015 - Wednesday

മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകൻ അമ്മയുടെ മരണശേഷമാകാം, 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ്‌ സമ്പാദിച്ച് പേരെടുത്തു.

ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന്‌ ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു.

ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന സ്വന്തം മകനെ, പൊതുഭരണ ചുമതലയിൽ സഹായ മെത്രാനായി വാഴിക്കുവാനുള്ള അസുലഭ സൗഭാഗ്യവും ആ പിതാവിന്‌ ലഭിച്ചു.

പത്തുവർഷങ്ങൾക്ക് ശേഷം, പിതാവിന്റെ പിൻഗാമിയായി ഉയർത്തപ്പെട്ട വിശുദ്ധ അഗ്രിക്കോളസ് സുവിശേഷഘോഷണത്തിലും സാധുജന സംരക്ഷണത്തിലും പ്രസിദ്ധനായിത്തീർന്നു.

വിശുദ്ധന്മാരായ, ജോർജ്, ഏസേഷ്യസ്, അന്തോക്യയിലെ മാർഗററ്റ് എന്നിവരേപ്പോലെ, ഒരു വ്യാളിയോടൊപ്പം അദ്ദേഹത്തെ ചിത്രീകരിക്കുന്നത്, പിശാചിനെതിരെ പടവെട്ടിയതുകൊണ്ടാണ്‌. ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചത് ബലഹീനമായ സ്വന്തം മാനുഷിക ഇച്ഛാശക്തികൊണ്ടല്ല, മറിച്ച്, ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശുരൂപവും, പ്രാർത്ഥനയും, ഉപവാസവും, അചഞ്ചലമായ വിശ്വാസവുമായ പടച്ചട്ടയുടെ സംരംക്ഷണത്തിലാണ്‌.

അവിഗ്നോനിലെ ബിഷപ്പ് എന്ന നിലയിൽ, വിശുദ്ധ അഗ്രിക്കോളസ് തന്റെ ആടുകൾക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പുണ്യവാനായ ഇടയശ്രേഷ്ഠനായിരുന്നു.

1647-ൽ അദ്ദേഹം, 'അവിഗ്നോനിന്റെ രക്ഷകനായി' പ്രഖ്യാപിക്കപ്പെട്ടു.


Related Articles »