Daily Saints.

August 07: വിശുദ്ധ കജേറ്റന്‍

സ്വന്തം ലേഖകന്‍ 07-08-2023 - Monday

1480 ഒക്ടോബര്‍ 1-നാണ് വിശുദ്ധ കജേറ്റന്‍ ജനിച്ചത്. ഭാവിയില്‍ പാപ്പായാകുവാനുള്ള ദൈവനിയോഗം ലഭിച്ചിരുന്ന പോള്‍ നാലാമനൊപ്പം ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭക്ക് രൂപം നല്‍കിയത് വിശുദ്ധ കജേറ്റനാണ്. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ആ സഭയുടെ അടിസ്ഥാന നിയമം. ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടി വിശുദ്ധ കജേറ്റന്‍ പ്രകടിപ്പിച്ചിരുന്ന ശക്തമായ തീവ്രാഭിലാഷം മൂലം “ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നാണു വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. തിയാറ്റൈന്‍സ് (Congregation of Clerics Regular of the Divine Providence) എന്ന സന്യാസി സഭയുടെ സഹ-സ്ഥാപകനായിരുന്ന വിശുദ്ധന്‍ യുവാവായിരിക്കുമ്പോള്‍ തന്നെ ജൂലിയസ് രണ്ടാമന്‍ പാപ്പായില്‍ നിന്നും റോമില്‍ സുപ്രധാനമായൊരു പദവി ലഭിച്ചു.

എന്നാല്‍ 1516-ല്‍ പൗരോഹിത്യ പട്ടം ലഭിച്ചതിനേ തുടര്‍ന്ന് വിശുദ്ധന്‍ പാപ്പാ നല്‍കിയ പദവിയില്‍ നിന്നും വിരമിച്ച് ദൈവസേവനത്തിനായി തന്നെത്തന്നെ സ്വയം സമര്‍പ്പിച്ചു. അത്യുത്സാഹത്തോടെ തന്നെ വിശുദ്ധന്‍ ദൈവമക്കള്‍ക്കിടയില്‍ സേവനം ചെയ്തു. അദ്ദേഹം തന്റെ സ്വന്തം കരങ്ങളാല്‍ അനേകം രോഗികളെ പരിചരിക്കുക വരെയുണ്ടായി. ഇതേ ഉത്സാഹം തന്നെ വിശുദ്ധന്‍ ആത്മാക്കളുടെ മോക്ഷത്തിനും വേണ്ടിയും കാണിച്ചു. സഭയിലെ പുരോഹിതവൃന്ദങ്ങളിലുള്ള അച്ചടക്കത്തിന്റെ നിലവാരം ഉയര്‍ത്തുവാനായി 1524-ലാണ് വിശുദ്ധന്‍, ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭ സ്ഥാപിക്കുന്നത്. ഭൗതീകമായ കാര്യങ്ങളില്‍ ഈ സഭാംഗങ്ങള്‍ക്ക് ഒട്ടും തന്നെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല.

വിശ്വാസികളില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രതിഫലങ്ങളും സ്വീകരിക്കാതെ, ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം എന്തു നല്‍കുന്നോ അത് കൊണ്ട് വേണമായിരിന്നു അവര്‍ക്ക് ജീവിക്കുവാന്‍. അതിനാല്‍ തന്നെ ദൈവകാരുണ്യത്തില്‍ അവര്‍ അമിതമായി ആശ്രയിച്ചിരുന്നു. അതിയായ ദൈവഭക്തിയുണ്ടായിരുന്ന വിശുദ്ധ കജേറ്റന്‍ പലപ്പോഴും ദിവസം എട്ട് മണിക്കൂറോളം പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുമായിരുന്നു. ക്ലമന്റ് ഏഴാമന്‍ പാപ്പായുടെ കീഴില്‍ നടന്ന്‍ വന്നിരുന്ന ആരാധനക്രമപരമായ നവീകരണങ്ങളില്‍ വിശുദ്ധ കജേടന്‍ ഒരു സജീവ പങ്കാളിയായിരുന്നു.

‘സെന്റ്‌ മേരി ഓഫ് ദി ക്രിബ്’ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കെ ഉണ്ണിയായ ദൈവ കുമാരനെ പരിശുദ്ധ മറിയത്തില്‍ നിന്നും തന്റെ കരങ്ങളില്‍ വഹിക്കുവാനുള്ള ഭാഗ്യം വിശുദ്ധന് ലഭിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. 1527-ല്‍ ചാള്‍സ് അഞ്ചാമന്റെ സൈന്യം റോം ആക്രമിച്ചു കൊള്ളയടിച്ചപ്പോള്‍, പാവങ്ങളെ സഹായിക്കുവാനായുള്ള ദേവാലയത്തിലെ പണം അവര്‍ക്ക് അടിയറവെക്കുവാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ പടയാളികള്‍ വിശുദ്ധനെ ബന്ധനസ്ഥനാക്കി പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തു. ദുഃഖവും സങ്കടവും കൊണ്ട് പ്രക്ഷുബ്ദനായ വിശുദ്ധന് ക്രമേണ അസുഖം ബാധിച്ചു. 1547 ഓഗസ്റ്റ് 7ന് നേപ്പിള്‍സില്‍ വെച്ചാണ് വിശുദ്ധ കജേറ്റന്‍ അന്ത്യനിദ്ര പ്രാപിച്ചത്.

ഇതര വിശുദ്ധര്‍

1. സിസിലിയിലെ ത്രപാനിയിലെ ആള്‍ബെര്‍ട്ട്

2. ഇറ്റലിയിലെ കാര്‍പ്പൊഫോറസ്, എക്സാന്തൂസ്, കാസിയൂസ്, സെവെരിനൂസ്,

സെക്കുന്തൂസ്, ലിസിനിയൂസു

3. ക്ലാവുദിയാ

4. നിസിബിസിലെ ദൊമീഷിയൂസും കൂട്ടുകാരും

5. ദൊണാറ്റ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »