Youth Zone
തൽസമയ കാലാവസ്ഥ വിശകലനത്തിനിടെ ചുഴലിക്കാറ്റ്; യേശുവിനോട് പ്രാർത്ഥിച്ച അവതാരകന്റെ വീഡിയോ വൈറൽ
പ്രവാചകശബ്ദം 25-04-2023 - Tuesday
മിസിസിപ്പി: അമേരിക്കൻ ടിവി ചാനലിൽ തൽസമയം കാലാവസ്ഥാ റിപ്പോർട്ടിംഗ് നടത്തുന്നതിനിടെ യേശുവിനോട് പ്രാർത്ഥിച്ച ചാനൽ അവതാരകന്റെ വീഡിയോ വൈറലാകുന്നു. ഡബ്യു ടി വി എ ചാനലിലെ പ്രമുഖ കാലാവസ്ഥ നിരീക്ഷകനായ മാറ്റ് ലൗബാന്റെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. മാർച്ച് 24 വെള്ളിയാഴ്ച രാത്രി 11 മണിക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്തു അവതരിപ്പിക്കുന്നതിനിടെ ദൂരെ നിന്ന് ഒരു ചുഴലിക്കാറ്റ് മിസിസിപ്പിയിലെ അമോറി പട്ടണം ലക്ഷ്യമാക്കി വരുന്നത് ശ്രദ്ധയിൽപ്പെട്ട ലൗബാൻ ഉടനെ കൈകൾ മേശയിലേക്കുവെച്ച് പ്രാർത്ഥിക്കുകയായിരുന്നു.
"പ്രിയപ്പെട്ട ഈശോയെ, ദയവായി അവരെ സഹായിക്കണമേ! ആമേൻ." എന്നായിരുന്നു പ്രാർത്ഥന. 13 ലക്ഷത്തോളം ആളുകളാണ് യൂട്യൂബിൽ ഈ വീഡിയോ കണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിൽ ആശ്രയിക്കാനുള്ള അദ്ദേഹത്തിന്റെ തുറന്ന സാക്ഷ്യപ്പെടുത്തൽ ഏറെ ശ്രദ്ധ നേടുകയാണ്. വലിയ ചുഴലിക്കാറ്റ് പട്ടണത്തെ സമീപിക്കുന്നതായി കണ്ട സമയത്ത് തോന്നിയ വികാരത്തെ പറ്റിയും, പട്ടണത്തിനുവേണ്ടി പ്രാർത്ഥിച്ചതിനു ശേഷം ലഭിച്ച പ്രതികരണങ്ങളെ പറ്റിയും സിഎൻഎൻ അദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോൾ ദൈവം ആ നിമിഷം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ലൗബാന്റെ പ്രതികരണം.
നല്ല പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നിൽ കൂടുതൽ നല്ല കാര്യങ്ങൾ ആ പ്രാർത്ഥന വഴി ഉണ്ടായി. സാഹചര്യത്തിന്റെ ഗൗരവം തന്റെ പ്രാർത്ഥനയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്ന് നിരവധി ആളുകൾ തന്നോട് പറഞ്ഞതായും മാറ്റ് ലൗബാൻ പങ്കുവെച്ചു.
മാധ്യമ പ്രവർത്തകർ തങ്ങളുടെ ജോലി ചെയ്യുമ്പോൾ പൊതുസ്ഥലത്ത് പ്രാർത്ഥിക്കുന്നത് പതിവുള്ളതല്ല. എന്നാൽ ഈ സംഭവം കാലാവസ്ഥാ പ്രവചനങ്ങൾ നൽകുമ്പോഴും സ്ക്രീനിന്റെ മറുവശത്തുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുന്ന കാലാവസ്ഥാ നിരീക്ഷകന്റെ സഹാനുഭൂതി വ്യക്തമായി പ്രകടമാക്കുകയായിരിന്നു ഇവർ. ആസന്നമായ അപകടത്തെക്കുറിച്ച് മിക്ക ആളുകളേക്കാളും നന്നായി അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ പശ്ചാത്തലത്തിലായിരിന്നു പ്രാർത്ഥന. വീഡിയോ നവമാധ്യമങ്ങളിലും തരംഗമാണ്.