News - 2025
എത്യോപ്യയിൽ നിന്നുള്ള 67 അഭയാർത്ഥികളെ ഇറ്റാലിയന്‍ സഭ നാളെ സ്വീകരിക്കും
പ്രവാചകശബ്ദം 25-04-2023 - Tuesday
റോം: നിരന്തരമായി യുദ്ധങ്ങൾ നടക്കുന്ന കിഴക്കൻ ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നുള്ള 67 അഭയാർത്ഥികളെ ഇറ്റാലിയന്‍ മെത്രാന്‍ സമിതി സ്വീകരിക്കും. നാളെ ഏപ്രിൽ 26 ബുധനാഴ്ച എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്നുള്ള വിമാനം വഴി റോമിലെ ഫ്യുമീചീനോ വിമാനത്താവളത്തിൽ എത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തിന് അല്‍മായ കത്തോലിക്ക സംഘടനയായ സാൻ എജിദിയോ സമൂഹവും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള കാരിത്താസ് ഇറ്റലിയുടെ പ്രതിനിധികളും ചേര്‍ന്നു സ്വീകരിക്കും.
എത്യോപ്യയിൽ നിന്ന് മാനുഷിക ഇടനാഴികൾ തുറക്കുന്നതിന് സാൻ എജിദിയോ സമൂഹവും ഇറ്റാലിയൻ മെത്രാൻ സമിതിയും ഇറ്റാലിയൻ ഗവൺമെന്റും തമ്മിലുള്ള മൂന്നാമത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചുകൊണ്ട് സാധ്യമാക്കുന്ന ആദ്യ സംരഭമാണിത്. നേരത്തെ മാനുഷിക ഇടനാഴികളിലൂടെ ഇറ്റലിയിൽ എത്തിയവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ റിപ്പോർട്ട് ചെയ്തതനുസരിച്ച് കണ്ടെത്തിയവരാണ് ഈ 67 പേരും. എറിത്രിയൻ, ദക്ഷിണ സുഡാൻ പൗരത്വമുള്ള ഈ 67 പേർ എത്യോപ്യയിൽ ദീർഘകാലം അഭയാർത്ഥികളായിരുന്നു. ലാത്സിയോ, കാമ്പാനിയ, എമിലിയ റൊമാഗ്ന, ലൊംബാർഡി, വെനെറ്റോ തുടങ്ങിയ ഇറ്റാലിയൻ പ്രദേശങ്ങളിൽ അഭയാർത്ഥി കുടുംബങ്ങളെ സ്വീകരിക്കും.
പ്രായപൂർത്തിയാകാത്തവരെ വിദ്യാലയങ്ങളിൽ ഉടനടി ചേർക്കുന്നതിലൂടെ ഇറ്റാലിയൻ ഭാഷ പഠിക്കുവാനും മുതിർന്നവർക്ക് അഭയാർത്ഥി രേഖ ലഭിച്ചു കഴിഞ്ഞാൽ, തൊഴിൽ ചെയ്യാനുള്ള മാർഗ്ഗങ്ങള്‍ ക്രമീകരിക്കാനും സഭയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത ഭരണത്തിനു കീഴില്‍ കഴിഞ്ഞിരിന്ന നൂറോളം അഭയാർത്ഥികളെ വത്തിക്കാന്‍ സ്വീകരിച്ചിരിന്നു.