News - 2025
ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്ക സന്നദ്ധ പ്രവര്‍ത്തകര്‍ എത്യോപ്യയില്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 13-04-2023 - Thursday
ആഡിസ് അബാബ: അമേരിക്കന്‍ കത്തോലിക്ക സഭയുടെ സാമൂഹ്യ സേവന സംരംഭമായ കാത്തലിക് റിലീഫ് സര്‍വീസസിന്റെ (സി.ആര്‍.എസ്) രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ദിനത്തില്‍ എത്യോപ്യയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആഡിസ് അബാബയിലെ ദൗത്യം പൂര്‍ത്തിയാക്കി അംഹാരയിലേക്ക് വാഹനത്തില്‍ മടങ്ങുന്ന വഴിക്കാണ് സെക്യൂരിറ്റി മാനേജരും മുപ്പത്തിയേഴുകാരനുമായ ചുവോള്‍ ടോങ്ങ്യിക്കും, ഡ്രൈവറും നാല്‍പ്പത്തിമൂന്നുകാരനുമായ അമാരെ കിന്‍ഡേയയും വെടിയേറ്റ് കൊല്ലപ്പെട്ടതെന്നു പ്രസ്താവനയില്‍ പറയുന്നു. കൊലപാതകത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും അറിവായിട്ടില്ല.
ഞെട്ടലിന്റേയും, ദുഃഖത്തിന്റേയും ആഴം അളക്കുവാന്‍ കഴിയില്ലായെന്നും യുക്തിഹീനമായ ഈ ആക്രമണത്തില്‍ ഏറെ ദുഃഖമുണ്ടെന്നും എത്യോപ്യയിലെ സി.ആര്‍.എസ് പ്രതിനിധിയായ സെമെദെ സെവ്ദി പറഞ്ഞു. പ്രാദേശിക ദൗത്യസേനാ വിഭാഗങ്ങളെ പിരിച്ചു വിടുവാനുള്ള ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വടക്കന്‍ എത്യോപ്യയിലെ അംഹാരയില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റതെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. എത്യോപ്യയിലെ 11 മേഖലകളില്‍ വിന്യസിപ്പിച്ചിരുന്ന പ്രത്യേക ദൗത്യ സേനകളെ പോലീസിലും ഫെഡറല്‍ സൈന്യത്തിലും സമന്വയിപ്പിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്.
അംഹാരയിലെ പ്രത്യേക ദൗത്യസേനയേ പിന്‍വലിക്കുന്നത് ടൈഗ്രെ ഉള്‍പ്പെടെയുള്ള അയല്‍പ്രദേശങ്ങളുടെ ആക്രമണത്തിന് കാരണമാകുമെന്നാണ് ഈ തീരുമാനത്തേ എതിര്‍ക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ടൈഗ്രെ പോരാളികളുമായി നടന്നുവന്നിരുന്ന പതിനായിരകണക്കിന് ആളുകളുടെ ജീവനെടുത്ത യുദ്ധം കഴിഞ്ഞ നവംബറിലെ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് അവസാനിച്ചത്. അംഹാരയിലെ പ്രത്യേക ദൗത്യസേനയും ഈ യുദ്ധത്തില്‍ സര്‍ക്കാര്‍ സേനയോടൊപ്പം പോരാടിയിരുന്നു. നൂറിലധികം രാജ്യങ്ങളില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അന്താരാഷ്ട സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സര്‍വീസസ് കഴിഞ്ഞ 60 വര്‍ഷങ്ങളായി എത്യോപ്യയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.