News - 2025

എത്യോപ്യയിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 28-02-2024 - Wednesday

ആഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ചരിത്രമുള്ള സന്യാസ ആശ്രമത്തിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹിതോ സഭയാണ് ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റ ഒരു സന്യാസി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഓർത്തഡോക്സ് സഭയില്‍ ഏറെ ആദരിക്കപ്പെടുന്ന വിശുദ്ധ അബുനെ ജിബ്രേ മെൻഫസ് കിടുസുമായി ബന്ധമുള്ളതാണ് ഈ സന്യാസ ആശ്രമം. തീവ്ര ദേശീയവാദികളായ ഒറോമോ വിഭാഗക്കാരാണ് അക്രമണം നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറോമോ ലിബറേഷൻ ആർമി എന്ന സ്വയം വിശേഷിപ്പിക്കുന്ന ഇവർക്ക് സർക്കാർ പിന്തുണയുണ്ടെന്ന് കരുതപ്പെടുന്നു.

ഇതിനു മുന്‍പും നിരവധി തവണ തീവ്ര വിഭാഗക്കാർ ആശ്രമത്തിൽ കൊള്ള നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച സന്യാസികളെ ബന്ധികളാക്കി പിടിച്ചുകൊണ്ടു പോയി ബുധനാഴ്ചയാണ് കൊല ചെയ്തതെന്ന് ആശ്രമത്തിൽ കഴിയുന്ന സന്യാസിയെ ഉദ്ധരിച്ചുകൊണ്ട് എത്യോപ്യൻ ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ആശ്രമത്തിനും, ആശ്രമത്തിൽ കഴിയുന്നവർക്കും സുരക്ഷ നൽകണമെന്ന് സർക്കാരിനോടും, പ്രാദേശിക സുരക്ഷാ വിഭാഗം അധികൃതരോടും ഓർത്തഡോക്സ് സഭ അഭ്യർത്ഥിച്ചു. എന്നാൽ സർക്കാർ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

രാജ്യത്തെ ക്രൈസ്തവര്‍ സർക്കാരിൽ നിന്നും, സായുധ സംഘങ്ങളിൽ നിന്നും ഏറെക്കാലമായി ആക്രമണം നേരിടുന്നുണ്ട്. 2018 ഏപ്രിൽ മാസം ഇപ്പോഴത്തെ പ്രധാനമന്ത്രി അബി അഹമ്മദ് സ്ഥാനമേറ്റെടുത്തതിനുശേഷം നിരവധി വിശ്വാസികൾ കൊല്ലപ്പെടുകയും, ആരാധനാലയങ്ങൾ അഗ്നിക്ക് ഇരയാക്കപ്പെടുകയും ചെയ്തിരിന്നു. സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയില്‍ നിരവധി വൈദികരും മിഷ്ണറിമാരും അകാരണമായി തടങ്കലിലാക്കപ്പെടാറുണ്ടെന്നതും വസ്തുതയാണ്.


Related Articles »