Faith And Reason - 2024

എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും മറ്റൊരു ഭാവി സാധ്യമാണെന്നുമുള്ള ഉറപ്പ് യേശു നമുക്ക് നൽകുന്നു: യുക്രൈന്‍ അഭയാര്‍ത്ഥികളോട് പാപ്പ

പ്രവാചകശബ്ദം 30-04-2023 - Sunday

വത്തിക്കാന്‍ സിറ്റി: എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും മറ്റൊരു ഭാവി സാധ്യമാണെന്നും വിശ്വസിക്കാൻ സഹായിക്കുന്ന ശക്തിയാണ് യേശു നമുക്ക് നൽകുന്നതെന്നു ഫ്രാന്‍സിസ് പാപ്പ. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള വിശുദ്ധ എലിസബത്തിന്റെ നാമത്തിലുള്ള ദേവാലയത്തിൽ അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരിന്നു പാപ്പ. അവൻ നമ്മോട് കൽപ്പിക്കുന്ന സ്നേഹം സമൂഹത്തിൽ നിന്നും, നാം ജീവിക്കുന്ന നഗരങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും, നിസ്സംഗതയുടെയും സ്വാർത്ഥതയുടെയും തിന്മകളെ ഉന്മൂലനം ചെയ്യാൻ സഹായിക്കുകയും കൂടുതൽ നീതിയും സാഹോദര്യവും ഉള്ള ഒരു പുതിയ മാനവികതയുടെ പ്രത്യാശ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നുവെന്നു പാപ്പ കൂട്ടിച്ചേർത്തു.

ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളുള്ളവരും, ഏകാന്തത അനുഭവിക്കുന്നവരും മയക്കുമരുന്നാകുന്ന വിഷം നശിപ്പിച്ചവരും ജയിൽ വിമോചിതരോ, പ്രായമായതിനാൽ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സഹോദരീ സഹോദരന്മാരുമെല്ലാം ഭൗതികവും സാംസ്കാരികവും ആത്മീയവുമായ ദാരിദ്ര്യം അനുഭവിക്കുകയാണ്. എപ്പോഴും സ്നേഹത്തിൻറെ അഥവാ, ഉപവിയുടെ ഭാഷ സംസാരിക്കാൻ എല്ലാവർക്കും പ്രചോദനം പകരുവാന്‍ ആഹ്വാനം ചെയ്ത പാപ്പ, ചത്വരത്തിലുള്ള വിശുദ്ധ എലിസബത്തിൻറെ രൂപം അവതരിപ്പിക്കുന്ന വലിയ അത്ഭുതത്തെക്കുറിച്ചു പരാമർശിച്ചു.

വിശുദ്ധ എലിസബത്ത് ദരിദ്രർക്ക് നല്‍കാൻ കൊണ്ടു പോയ അപ്പം കർത്താവ് ഒരിക്കൽ റോസ പുഷ്പമാക്കി മാറ്റിയ അത്ഭുതമാണ് ഈ രൂപം അവതരിപ്പിക്കുന്നത്, വിശപ്പനുഭവിക്കുന്നവർക്ക് നാം അന്നം നല്കുമ്പോൾ കർത്താവ് ആനന്ദം പുഷ്പിതമാക്കുകയും നാം നല്കുന്ന സ്നേഹം കൊണ്ട് നമ്മുടെ അസ്തിത്വത്തെ പരിമളപൂരിതമാക്കുകയും ചെയ്യുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. എപ്പോഴും സഭയിലും സ്വന്തം രാജ്യത്തും ഉപവിയുടെ സുഗന്ധ സംവാഹകരാകാൻ എല്ലാവർക്കും കഴിയട്ടെയെന്ന ആശംസയോടെയും തനിക്ക് വേണ്ടിയുള്ള പ്രാർത്ഥന തുടരണമെന്ന അഭ്യർത്ഥനയോടെയുമാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »