News
അത്ഭുത കുരിശ് സ്ഥിതി ചെയ്യുന്ന അർജന്റീനയിലെ ദേവാലയത്തിലേക്ക് ഒന്നര ലക്ഷത്തിലധികം വിശ്വാസികളുടെ തീര്‍ത്ഥാടനം
പ്രവാചകശബ്ദം 05-05-2023 - Friday
സാൻ ലൂയിസ്: അർജന്റീനയിലെ സാൻ ലൂയിസ് രൂപതയിലെ വില്ലാ ഡി ലാ കുബ്രേട ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അത്ഭുത കുരിശിനെ വണങ്ങാൻ ഈ വർഷം എത്തിയത് ഒന്നരലക്ഷത്തിലധികം വിശ്വാസികള്‍. വില്ലാ ഡി ലാ കുബ്രേട ഗ്രാമത്തിൽ നിന്ന് 25 മൈൽ അകലെയുള്ള സാൻ ലൂയിസ് നഗരത്തിൽ നിന്നും കാൽനടയായാണ് നിരവധി വിശ്വാസികൾ ഇവിടേക്ക് എത്തിച്ചേർന്നത്. ഏപ്രിൽ 28നു ആരംഭിച്ച തീർത്ഥാടനത്തിന് വിശ്വാസികൾക്കുവേണ്ടി വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായിരുന്ന മെയ് ഒന്നാം തീയതി ഗ്രാമത്തിലൂടെ പ്രദക്ഷിണവും നടന്നു.
ഇവിടെ വിശ്വാസികൾ വണങ്ങുന്ന അത്ഭുത കുരിശിന് പിന്നിലെ സംഭവക്കഥ ഏറെ പ്രസിദ്ധമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തോമസ് അൽക്കാരസ് എന്ന വ്യക്തി തന്റെ മക്കളിൽ ഒരാൾക്ക് വീട് പണിയുന്നതിന്റെ ആവശ്യത്തിനുവേണ്ടി തടി വെട്ടാനായി പോയി. കോടാലി കൊണ്ട് മരം മുറിക്കുന്നതിനിടയിൽ പൊള്ളയായ ഒരു ഭാഗം അദ്ദേഹം കണ്ടു. ഇതിന്റെ ഉള്ളിൽ തടികൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കുരിശുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ അവിടുത്തെ പ്രദേശവാസികൾ മരത്തിന്റെ ഉള്ളിൽ തങ്ങൾ ആരും കുരിശു കൊണ്ടുവന്നുവെച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തി. കുരിശിനെ ഞെരിക്കാത്ത വിധം ആയിരുന്നു മരം വളർന്നുവന്നിരുന്നത്. ഇത് കണ്ട് അത്ഭുതപ്പെട്ട തോമസ് അൽക്കാരസ് വീട്ടിൽ കൊണ്ടുവന്ന് ഏതാനും തിരികൾ കത്തിച്ച് അതിന്റെ നടുവിൽ കുരിശ് പ്രതിഷ്ഠിച്ചു.
എന്നാൽ അധികം താമസിയാതെ തന്നെ ഈ കുരിശ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അപ്രതീക്ഷമാകുകയും, മരത്തിന്റെ ഉള്ളിൽ വീണ്ടും കാണപ്പെടുകയും ചെയ്തു. പിന്നീട് കുരിശ് ഇരിക്കുന്ന സ്ഥലത്ത് ഒരു ദേവാലയം പണിയാൻ വേണ്ടി ദൈവം ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സിലാക്കി അവിടെ ഒരു മനോഹരമായ ദേവാലയം നിര്‍മ്മിക്കപ്പെടുകയായിരിന്നു. അങ്ങനെയാണ് ഇവിടം തീർത്ഥാടന കേന്ദ്രമായി മാറിയത്. 1940-ൽ ഇറ്റലിയിൽ നിർമ്മിച്ച കുരിശിന്റെ വഴിയിലെ ശില്പങ്ങൾ അന്നത്തെ സാൻ ലൂയിസ് രൂപതയുടെ മെത്രാൻ എമിലിയോ അന്റോണിയോ കൂദാശ ചെയ്തിരുന്നു.