India - 2024

സീറോ മലങ്കര കത്തോലിക്കാ സഭയില്‍ യുവ കുടുംബങ്ങള്‍ക്കായി പുതിയ പ്രേഷിത ശുശ്രൂഷ

പ്രവാചകശബ്ദം 01-06-2023 - Thursday

തിരുവനന്തപുരം: യുവകുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിനായി സീറോ മലങ്കര കത്തോലിക്കാ സഭയില്‍ പുതിയ പ്രേഷിത ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ ആദ്യ പത്തുവര്‍ഷത്തേക്ക് പ്രത്യേകമായി ആത്മിയവും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുക എന്നതാണ് യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലക്ഷ്യം. സഭയുടെ ആസ്ഥാന കാര്യാലയമായ കാതോലിക്കേറ്റ് സെന്ററില്‍ ക്രമീകരിച്ച സമ്മേളനത്തില്‍ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവാ യുവകുടുംബ പ്രേഷിത ശുശ്രൂഷ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കുടുംബജീവിതം ധാരാളമായ വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലവിളികളെ അതിജീവിക്കാന്‍ കുടുംബജീവിതം ദൈവത്തിന്റെ പ്രത്യേക വിളിയാണെന്നും കൂടുതലായി ദൈവത്തിലാശ്രയിക്കണമെന്നും യുവകുടുംബങ്ങളോട് കാതോലിക്കാബാവാ ആഹ്വാനം ചെയ്തു. യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലോഗോയും യങ്ങ് ഫാമിലി ഇ-മാസികയും തദവസരത്തില്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. യുവകുടുംബ പ്രേഷിത ശുശ്രൂഷ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യുവകുടുംബ പ്രേഷിത ശുശ്രൂഷ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. തോമസ് മടുക്കംമൂട്ടില്‍, മലങ്കര കാത്തലിക്ക് യൂത്ത് മുവ്‌മെന്റ് പ്രസിഡന്റ് എയ്ഞ്ചല്‍ മേരി, സി. മേരി ഡൊമനിക്, ഡോ. ശലോമി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

സഭയില്‍ പുതുതായി ആരംഭിച്ച പ്രേഷിത ശുശ്രൂഷയുടെ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായി മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്തായും ഡയറക്ടറായി റവ. ഫാ. തോമസ് മടുക്കംമൂട്ടിലും ആനിമേറ്ററായി റവ. സി. മേരി ഡൊമനിക്കും നിയമിതരായി.


Related Articles »