News - 2024

സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ ജീവന്‍ പണയംവെച്ച് പൊതുജനത്തിന് ഒപ്പം നിലക്കൊണ്ട് സലേഷ്യന്‍ മിഷ്ണറിമാര്‍

പ്രവാചകശബ്ദം 12-06-2023 - Monday

ഖാര്‍തും: സുഡാന്റെ തലസ്ഥാനമായ ഖാര്‍തുമില്‍ സുഡാനീസ് ആംഡ് ഫോഴ്സസും (എസ്.എ.എഫ്), അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടം കനക്കുമ്പോഴും ജീവന്‍പോലും വകവെക്കാതെ പൊതുജനത്തിന് ഒപ്പം നിലക്കൊണ്ട് സലേഷ്യന്‍ മിഷ്ണറിമാര്‍. ഖാര്‍തൂമിലും, എല്‍-ഒബെയിദിലും സലേഷ്യന്‍ മിഷ്ണറിമാര്‍ സഹായം തുടരുന്നുണ്ട്. കഴിഞ്ഞ 50 ദിവസങ്ങളായി നടന്നുവരുന്ന പോരാട്ടത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും സാധാരണക്കാരായ നൂറ്റിയാറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മെഡിക്കല്‍ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അല്‍-ഉബയ്യിദ് നഗരത്തിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുവാനായി കൊണ്ടു വന്ന 20,000 ടണ്ണോളം വരുന്ന അവശ്യ സാധനങ്ങള്‍ വിമതര്‍ സൈനീക ശക്തി ഉപയോഗിച്ച് പിടിച്ചെടുത്തെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്യു.എഫ്.പി) റിപ്പോര്‍ട്ട് ചെയ്തിരിന്നു. പോരാട്ടത്തില്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയിലാണ് സലേഷ്യന്‍ മിഷ്ണറിമാരുടെ സ്ഥാപനങ്ങള്‍. സെന്റ്‌ ജോസഫ് വൊക്കേഷണല്‍ സ്കൂളിലെ ലബോറട്ടറികളില്‍ സ്ഫോടക വസ്തു പതിച്ചുവെന്ന് സ്കൂള്‍ ഡയറക്ടറും മലയാളി വൈദികനുമായ ഫാ. ജേക്കബ് തേലക്കാടന്‍ പറഞ്ഞു. ഭാഗ്യത്തിന് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്.

കുടുംബങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുവാനുള്ള കേന്ദ്രം ഒരുക്കിയതിനു പുറമേ, ഭക്ഷണവും അഭയവും ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് അതിനുള്ള സൗകര്യം സലേഷ്യന്‍ മിഷ്ണറിമാര്‍ ഒരുക്കിയിട്ടുണ്ട്. ഖാര്‍തൂം മെത്രാപ്പോലീത്ത മൈക്കേല്‍ ദിദി അഗ്ദും മങ്ങോരിയ സുഡാന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരിന്നു. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി സുഡാനില്‍ സാന്നിധ്യമുള്ള സലേഷ്യന്‍ സമൂഹം അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഖാര്‍തൂമിലെ വ്യവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌ ജോസഫ് വോക്കേഷണല്‍ സ്കൂള്‍, ഖാര്‍തൂമിന്റെ തെക്ക് ഭാഗത്തുള്ള ആറായിരത്തിലധികം അംഗങ്ങളുള്ള സെന്റ്‌ ജോസഫ് ഇടവക, നാനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്‍ ഒബെയിദിലെ ഡോണ്‍ ബോസ്കോ വോക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവ നേതൃത്വം നല്‍കുന്നുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റോക്കറ്റ് ബുള്ളറ്റുകള്‍ പതിച്ച് എല്‍-ഒബെയ്ദ് രൂപതയിലെ മേരി ക്വീന്‍ ഓഫ് ആഫ്രിക്ക കത്തീഡ്രലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സൈനീക മേധാവി അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാനും, അര്‍ദ്ധസൈനീക വിഭാഗമായ ‘ആര്‍.എസ്.എഫ്’ന്റെ തലവനുമായ ജനറല്‍ മൊഹമ്മദ്‌ ഹംദാന്‍ ഡാഗ്ലോയും തമ്മിലുള്ള അധികാര വടംവലിയാണ് സംഘര്‍ഷമായി പരിണമിച്ചിരിക്കുന്നത്.


Related Articles »