News - 2025
ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ സന്യാസ സമൂഹത്തിന്റെ 11-ാമത് തലവന്‍
പ്രവാചകശബ്ദം 28-03-2025 - Friday
റോം: ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന വിശുദ്ധ ഡോൺ ബോസ്കോ സ്ഥാപിച്ച സലേഷ്യൻ സന്യാസ സമൂഹത്തിന്റെ 11-ാമത് റെക്ടർ മേജറായി മാൾട്ടയിൽനിന്നുള്ള ഫാ. ഫാബിയോ അറ്റാർഡ് (66) തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ടൂറിനടുത്ത് വോൾഡോക്കോയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ജനറൽ ചാപ്റ്ററിനു പുറമേനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ റെക്‌ടർ മേജറാണ് ഫാ. ഫാബിയോ. റെക്ടർ മേജറായിരുന്ന സ്പെയിനിൽനിന്നുള്ള കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിലെ വത്തിക്കാനിൽ സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്‌ടായി കഴിഞ്ഞ ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനാലാണു പുതിയ നിയമനം.
1959 മാർച്ച് 23 ന് മാൾട്ടയിലെ ഗോസോയിൽ ജനിച്ച ഫാ. ഫാബിയോ അറ്റാർഡ് വിക്ടോറിയയിലാണ് വളർന്നത്. അവിടെയായിരിന്നു പബ്ലിക് പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ പഠനം. ഗോസോയിലെ മേജർ സെമിനാരിയിൽവൈദിക പഠനം നടത്തി. മാൾട്ടയിലെ ഡിങ്ലിയിലുള്ള സാവിയോ കോളേജ്, പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ (യുപിഎസ്) നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം, റോമിലെ പ്രശസ്തമായ അക്കാദമിയ അൽഫോൻസിയാനയിൽ നിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് എന്നിവ നേടി. 1987 ജൂലൈ 4 ന് വൈദികനായി.
സലേഷ്യൻ സന്യാസ സമൂഹത്തിന്റെ ജനറൽ കൗൺസിലിൽ യുവജന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള കൗൺസിലറായി ഫാ. ഫാബിയോ 12 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈദിക ശുശ്രൂഷയിലെ അദ്ദേഹത്തിന്റെ തീക്ഷ്ണത മനസിലാക്കി 2018-ൽ ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്റെ അൽമായർക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററിയുടെ കൺസൾട്ടന്റായി അദ്ദേഹത്തെ നിയമിച്ചിരിന്നു. ലോകമെമ്പാടുമായി 136 രാജ്യങ്ങളിൽ യുവജന ശുശ്രൂഷ ചെയ്യുന്ന സലേഷ്യൻ സമൂഹത്തിന് 92 പ്രവിശ്യകളിലായി 13,750 സമർപ്പിത അംഗങ്ങളുണ്ട്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
