News - 2025

കോണ്‍ക്ലേവില്‍ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള 33 കര്‍ദ്ദിനാളുമാരും; ഏറ്റവും അധികം സലേഷ്യന്‍ സമൂഹത്തില്‍ നിന്ന്

പ്രവാചകശബ്ദം 30-04-2025 - Wednesday

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാന്‍ ചേരുന്ന കോണ്‍ക്ലേവില്‍ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള 33 കർദ്ദിനാളുമാരും. കർദ്ദിനാൾ ഇലക്‌ടർമാരിൽ 33 പേർ 18 വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍ നിന്ന്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരാണ്. സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരില്‍ ഏറ്റവും അധികം പേരുള്ളത് സലേഷ്യന്‍ സന്യാസ സമൂഹത്തില്‍ നിന്നാണ്. മ്യാന്മാറിലെ യാങ്കൂണിലെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ ചാൾസ് മൗങ് ബോ, വിർജിലിയോ ഡോ കാർമോ ഡ സിൽവ, ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം, ക്രിസ്റ്റോബൽ ലോപ്പസ് റൊമേറോ, ഡാനിയൽ സ്റ്റുർല ബെർഹൗറ്റ് എന്നീ അഞ്ച് അംഗങ്ങളാണ് സലേഷ്യൻ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍.

കോണ്‍ക്ലേവില്‍ പങ്കുചേരുന്ന നാലുപേര്‍ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ എന്ന സമൂഹത്തില്‍ നിന്നുള്ളവരാണ്. കര്‍ദ്ദിനാളുമാരായ ലൂയിസ് കാബ്രേര ഹെരേര, പിയർബാറ്റിസ്റ്റ പിസബല്ല, ജെയിം സ്പെംഗ്ലർ, ലിയോനാർഡോ സ്റ്റെയ്നരാണ് വോട്ടവകാശമുള്ള ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ അംഗങ്ങള്‍. ഫ്രാന്‍സിസ് പാപ്പ അംഗമായിരിന്ന ജെസ്യൂട്ട് സന്യാസ സമൂഹത്തില്‍ നിന്നുള്ള നാലുപേരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദ്ദിനാള്‍ സ്റ്റീഫൻ ചൗ സൗ-യാൻ, കര്‍ദ്ദിനാള്‍ മൈക്കൽ സെർണി, കര്‍ദ്ദിനാള്‍ ജീൻ-ക്ലോഡ് ഹോളറിച്ച്, കര്‍ദ്ദിനാള്‍ ആൻ റോഗൽ എന്നിവരാണ് ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍.

ഡൊമിനിക്കൻ സന്യാസ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരായ തിമോത്തി റാഡ്ക്ലിഫ്, ജീൻ പോൾ വെസ്‌കോ, റിഡംപ്റ്ററിസ്റ്റു സന്യാസ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരായ മൈക്കോള ബൈചോക്ക്, ജോസഫ് ടോബിൻ, ഡിവൈൻ വേഡ് മിഷ്ണറി സമൂഹാംഗങ്ങളായ കര്‍ദ്ദിനാളുമാരായ ടാർസിസിയോ കികുച്ചി, ലാഡിസ്ലാവ് നെമെറ്റ്, മറ്റ് നിരവധി കോൺഗ്രിഗേഷനുകളിൽ നിന്നുള്ളവരും കോൺക്ലേവിൽ പങ്കെടുക്കും. കൺവെൻച്വൽ ഫ്രാൻസിസ്കന്‍ സന്യാസ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഫ്രാങ്കോയിസ്-സേവിയർ ബുസ്റ്റില്ലോ, കര്‍ദ്ദിനാള്‍ മൗറോ ഗാംബെറ്റി, കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു എന്നിവരും കോണ്‍ക്ലേവില്‍ ഭാഗഭാക്കാകും.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »