India - 2024
200 നിര്‍ധന കുടുംബങ്ങൾക്കു സ്ഥലവും ഭവനവും സമ്മാനിക്കാന്‍ ബത്തേരി രൂപത
പ്രവാചകശബ്ദം 07-07-2023 - Friday
ബത്തേരി: "ബിഷപ് ഹൗസിങ് പ്രോജക്ട്'' എന്ന പദ്ധതിയിലൂടെ, സ്ഥലവും വീടുമില്ലാത്ത 200 നിര്‍ധന കുടുംബങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ പദ്ധതിയുമായി ബത്തേരി മലങ്കര രൂപത. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പദ്ധതിയിലൂടെ 650 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരേ മാതൃകയിലുള്ള വീടുകളാണു പണിയുന്നത്. 5 വീടുകളുടെ നിർമാണം ഇതുവരെ പൂർത്തിയായി. 20 വീടുകളുടെ നിർമാണ പ്രവൃത്തികൾ പലയിടത്തായി ആരംഭിച്ചു കഴിഞ്ഞു. രൂപതയുടെ കീഴിൽ പള്ളികളോട് ചേർന്നും അല്ലാതെയും പലയിടത്തായുള്ള ഭൂമിയാണ് സ്ഥലമില്ലാത്തവർക്ക് നൽകുന്നത്. രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങൾ, പള്ളികൾ, ഇടവക ജനങ്ങൾ പൊതുജനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പദ്ധതിക്കു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.
രൂപതയുടെ കീഴിലുള്ള വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട്, നീലഗിരി ജില്ലകളിലുള്ള 200 പേരെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു കഴിഞ്ഞു. ബത്തേരി കുപ്പാടി മൂന്നാംമൈലിൽ പഴയ പള്ളിയോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലത്തിൽ ഒരേക്കറും ഭവനപദ്ധതിക്കായിപ്രത്യേകം മാറ്റിവെച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇവിടെ 10 പേർക്ക് 5 സെന്റ് വീതം ഇവിടെ പതിച്ചും നൽകി. ഇവിടെയുള്ള വീടുകളുടെ നിർമാണവും ഉടൻ തുടങ്ങും. സ്ഥലത്തിന് പുറമേ, ഒരു വീടിന് 7 ലക്ഷം രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. ബത്തേരി രൂപതയുടെ കീഴിലുള്ള മുഴുവൻ ഭവന രഹിതർക്കും 2025 ഓടെ വീട് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട 200 പേരിൽ 60 പേർക്ക് സ്ഥലവും നൽകുന്നത് പദ്ധതിയിലൂടെയാണ്.
ഡോ. ജോസഫ് മാർ തോമസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ ഗുരുദേവ കോളജിനടുത്ത് 10 കുടുംബങ്ങൾക്കു സ്ഥലം കൈമാറി വീടു പണിതു നൽകിയിരുന്നു. അമ്പലവയൽ ചീങ്ങേരിയിലും 10 കുടുംബങ്ങൾക്കു വീടു നൽകിയിരിന്നു. സിബിസിഐ വൈസ് പ്രസിഡന്റ് , മലങ്കര കത്തോലിക്കാ സഭ വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ, രാജ്യാന്തര റിസർച് സംഘടനയായ എഐആർഐഒ യുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്ന ഡോ. ജോസഫ് മാർ തോമസ് സിബിസിഐ വിമൻസ് കമ്മിഷൻ ചെയർമാൻ, കെസിബിസി സെക്രട്ടറി ജനറൽ, കെസിവൈഎം കമ്മിഷൻ ചെയർമാൻ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.