India
2000 മുതൽ കൊല്ലപ്പെട്ട ക്രൈസ്തവ രക്തസാക്ഷികളുടെ വിവര ശേഖരണവുമായി വത്തിക്കാന്‍
പ്രവാചകശബ്ദം 08-07-2023 - Saturday
വത്തിക്കാന്‍ സിറ്റി: മൂന്നാം സഹസ്രാബ്ദത്തിലെ ക്രിസ്തീയ രക്തസാക്ഷികളുടെ ചരിത്രം പരിശോധിക്കുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കമ്മീഷൻ രൂപീകരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. ജൂലൈ അഞ്ചിന് പ്രസിദ്ധീകരിച്ച കത്തിൽ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള കാര്യാലയത്തിന്റെ കീഴിൽ 'വിശ്വാസത്തിനായി സാക്ഷ്യം നൽകിയ രക്തസാക്ഷികൾക്ക് വേണ്ടിയുള്ള കമ്മീഷൻ' എന്ന പേരിൽ പുതിയ കമ്മീഷൻ രൂപീകരിച്ചതായി മാർപാപ്പ അറിയിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലയളവില്‍ കൊല്ലപ്പെട്ട കത്തോലിക്കരും ഇതര ക്രിസ്തീയ സഭ വിശ്വാസികളുമായ രക്തസാക്ഷികളെ കുറിച്ച് വിവര ശേഖരമുണ്ടാക്കുക എന്നതാണ് പുതിയ കമ്മീഷന്റെ ചുമതല. തിരുസഭയുടെ ജൂബിലി വർഷം 2025 മുന്നിൽ കണ്ടുകൊണ്ടാണ് താൻ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു.
കത്തോലിക്കാ സഭയിൽ നിലവിലിരിക്കുന്ന രക്തസാക്ഷികളുടെ ഔദ്യോഗിക സ്ഥിരീകരണ രീതിക്ക് മാറ്റം വരുത്തുകയല്ല തൻറെ ഉദ്ദേശമെന്നും ക്രിസ്ത്യാനിയായതിന്റെ പേരിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും ജീവിതസാക്ഷ്യം സഭ ഔദ്യോഗികമായി അംഗീകരിച്ച രക്തസാക്ഷികളോടൊപ്പം ചേർത്തുവയ്ക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "ഞാൻ മുമ്പ് പലതവണ പറഞ്ഞിട്ടുള്ളതുപോലെ ഇക്കാലയളവിൽ മുൻ നൂറ്റാണ്ടുകളെ അപേക്ഷിച്ച് രക്തസാക്ഷികളുടെ എണ്ണം വളരെ കൂടുതലാണ്. അവരിൽ ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരും അവരുടെ കുടുംബാംഗങ്ങളുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവർ തങ്ങളുടെ ജീവിതം ബലി കഴിച്ച് ഉപവിയുടെ ഉന്നതമായ സാക്ഷ്യം നൽകിയവരാണെന്നും പാപ്പ അനുസ്മരിച്ചു.
2000-ലെ മഹാ ജൂബിലിയോട് അനുബന്ധിച്ച് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയും പുതിയ രക്തസാക്ഷികൾക്ക് വേണ്ടി സമാനമായ കമ്മീഷനെ നിയമിച്ചിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ക്രിസ്തുവിനായി ജീവൻ അർപ്പിച്ച പതിമൂവായിരം സ്ത്രീ പുരുഷന്മാരുടെ ജീവിത സാക്ഷ്യങ്ങൾ കമ്മീഷന് ലഭിച്ചിരുന്നു. 2000 മെയ് ഏഴിന് കൊളോസിയത്തിൽ വച്ച് നടന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ ഇവയിൽ ചിലരുടെ ജീവിതസാക്ഷ്യങ്ങൾ വായിച്ചിരിന്നു. 'രക്തത്താൽ ഉള്ള ക്രൈസ്തവ ഐക്യം' എന്ന് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിക്കുന്ന ഈ രക്തസാക്ഷിത്വങ്ങളുടെ ഓർമ്മയ്ക്കായി 2025ലെ ജൂബിലി വർഷത്തിലും സമാനമായ ശുശ്രൂഷ നടക്കും.
1994ൽ പ്രസിദ്ധീകരിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ "മൂന്നാം സഹസ്രാബ്ദം ആഗതമാകുമ്പോൾ" എന്ന അപ്പസ്തോലിക ലേഖനത്തിൽ "ദൈവത്തിനുവേണ്ടി പടപൊരുതിയ അജ്ഞാത ഭടന്മാരുടെ വലിയ പൈതൃകം നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടതെല്ലാം ചെയ്യണമെന്ന്" നിർദേശിച്ചിരിക്കുന്നത് മാർപാപ്പ എടുത്തുപറഞ്ഞു. നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാർസെല്ലോ സെമേരാറോയും സെക്രട്ടറി ആർച്ച് ബിഷപ്പ് ഫാബിയോ ഫാബീനും ചേർന്നാണ് പുതിയ കമ്മീഷന് നേതൃത്വം നൽകുന്നത്.