News - 2024
പ്രശസ്ത ചിത്രകാരൻ ഫ്രാ ആഞ്ജലിക്കോയുടെ ക്രൂശീകരണ ചിത്രത്തിന് ലേലത്തിൽ ലഭിച്ചത് റെക്കോർഡ് തുക
പ്രവാചകശബ്ദം 08-07-2023 - Saturday
ലണ്ടന്‍: പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ഫ്രാ ആഞ്ജലിക്കോ വരച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണ ചിത്രം ലണ്ടനിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി. 6.4 മില്യൺ ഡോളർ തുകയ്ക്കാണ് ചിത്രം പേര് പരസ്യമായി വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന ഒരാൾ വാങ്ങിയത്. കുരിശിന്റെ കാൽക്കൽ ദൈവമാതാവ്, യോഹന്നാന്‍, മഗ്ദലന മറിയം എന്നിവര്‍ നില്‍ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ലണ്ടനിലെ ക്രിസ്റ്റി എന്നറിയപ്പെടുന്ന കേന്ദ്രത്തിലാണ് ലേലം നടന്നത്. ഈ കേന്ദ്രത്തിൽ തന്നെയാണ് ആറു വർഷങ്ങൾക്കു മുമ്പ് പ്രശസ്ത ചിത്രകാരൻ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച സാൽവത്തോർ മുണ്ടിയെന്ന ക്രിസ്തുവിന്റെ ചിത്രം ലേലത്തിൽ പോയത്. അന്ന് ചിത്രത്തിന് ലഭിച്ച ലേല തുക 450 മില്യൺ ഡോളറായിരുന്നു. ഇത് ലോകത്തിൽ ഇന്നോളം ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഫ്രാ ആഞ്ജലിക്കോ ജനിക്കുന്നത്. അദ്ദേഹത്തിന്റെ കലാസിദ്ധി രാജ്യമെങ്ങും പ്രശസ്തമായിരുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഫ്രാ ആഞ്ജലിക്കോ. അദ്ദേഹം വരച്ച എല്ലാ ചിത്രങ്ങളും ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഈ ചിത്രങ്ങളിൽ ഒട്ടുമിക്കതും ഫ്ലോറൻസിലെ സാൻ മാർക്കോ കോൺവെന്റിലാണ് സൂക്ഷിച്ചിരിക്കുന്നത്. ദീർഘകാലം അദ്ദേഹം ജീവിച്ചത് അവിടെയായിരുന്നു. ഫ്രാ ആഞ്ജലിക്കോയുടെ കഴിവിൽ ആകൃഷ്ടരായ രണ്ട് മാർപാപ്പമാർ രണ്ടു കാലഘട്ടങ്ങളിലായി വത്തിക്കാനില്‍ ചിത്രങ്ങൾ വരയ്ക്കാൻ അദ്ദേഹത്തിന് അവസരം നൽകിയിരുന്നു. റോമിൽ വെച്ചായിരുന്നു ആഞ്ജലിക്കോയുടെ മരണം.
മറ്റ് ചിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധമായ ഒരു ജീവിതം നയിച്ച വ്യക്തിയായാണ് ഫ്രാ ആഞ്ജലിക്കോ അറിയപ്പെടുന്നത്. ചിത്രം വരയ്ക്കുന്നതിനെ അദ്ദേഹം ഒരു ആരാധനയായാണ് കണക്കാക്കിയിരുന്നത്. ക്രൂശീകരണ ചിത്രങ്ങൾ വരയ്ക്കുമ്പോൾ അദ്ദേഹം കരയുമായിരുന്നുവെന്ന് പറയപ്പെടുന്നു. മരണശേഷം ഏതാനും നൂറ്റാണ്ടുകൾ ഫ്രാ ആഞ്ജലിക്കോ വിസ്മരിക്കപ്പെട്ടുവെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടി അദ്ദേഹത്തിന്റെ ചിത്രങ്ങൾ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. 1996 ലാണ് ഇപ്രാവശ്യം ലേലത്തിൽ പോയ ക്രൂശീകരണ ചിത്രം കണ്ടെത്തുന്നത്.