News

ഉത്തർപ്രദേശില്‍ അന്യായമായി കസ്റ്റഡിയിലെടുത്ത 11 ക്രൈസ്തവര്‍ക്ക് ഒടുവില്‍ ജാമ്യം

പ്രവാചകശബ്ദം 20-07-2023 - Thursday

റായ്ബറേലി: ഉത്തർപ്രദേശില്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ വ്യാജ ആരോപണം ഉന്നയിച്ച് ജയിലിൽ അടച്ച 11 ക്രൈസ്തവ വിശ്വാസികളെ ബാഹ്റാ ജില്ലയിലെ കോടതി ജാമ്യത്തിൽ വിട്ടു. ജൂലൈ 17നാണ് പാസ്റ്ററായ ബാബു റാമും, മറ്റ് പത്തു പേരും ജയിൽ മോചിതരായത്. തീവ്ര ഹിന്ദുത്വസംഘടനയായ ബജ്രംഗ്‌ദള്‍ നൽകിയ പരാതികളെ തുടർന്നു ജൂലൈ ഏഴാം തീയതി ഞായറാഴ്ച പ്രാർത്ഥനകൾക്ക് പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരിന്നു. പ്രാർത്ഥനാ ഹാളിലെത്തിയ സംഘടനയിലെ പ്രവർത്തകർ പാസ്റ്ററും, കൂടെയുള്ളവരും മതപരിവർത്തനം നടത്തുകയാണെന്നു ആരോപിക്കുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കാതെ തന്നെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

നിയമവിരുദ്ധമായ ഒത്തുചേരൽ, ഗൂഢാലോചന, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തങ്ങളുടെ സഹോദരങ്ങൾ ജയിൽ മോചിതരായതിൽ അതീവ സന്തോഷമുണ്ടെന്ന് നിയമയുദ്ധം നടത്തിയ സാമൂഹ്യപ്രവർത്തകനായ ദിനാനാഥ് ജയസ്വാൾ പറഞ്ഞു. 13 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും അവർക്ക് പ്രാദേശിക കോടതി ജാമ്യം അനുവദിക്കുകയായിരുന്നുവെന്ന് യുസിഎ ന്യൂസിനോട് അദ്ദേഹം വെളിപ്പെടുത്തി. ഞായറാഴ്ച പ്രാർത്ഥനകളിൽ സംബന്ധിക്കാൻ എത്തുന്ന ക്രൈസ്തവർക്കെതിരെ വ്യാജ ആരോപണങ്ങൾ പോലീസ് രജിസ്റ്റർ ചെയ്യുന്നത് തീർത്തും ദൗർഭാഗ്യകരമായ കാര്യമാണെന്ന് ദിനാനാഥ് പറഞ്ഞു.

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള, ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിൽ ക്രൈസ്തവ വിശ്വാസികളുടെ ജീവിതം ദുരിത പൂർണ്ണമായി മാറിയിരിക്കുകയാണ്. 2020 ലാണ് സംസ്ഥാനത്തു മതപരിവർത്തന നിരോധന നിയമം പാസാക്കിയത്. ഇതിനു പിന്നാലെ കസ്റ്റഡിയിൽ എടുക്കപ്പെട്ട നിരവധി ക്രൈസ്തവർ ഇപ്പോഴും സംസ്ഥാനത്തിന്റെ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട്. തീവ്ര ഹിന്ദു സംഘടനങ്ങളുമായി ഒത്തുകളി നടത്തി തങ്ങൾക്കെതിരെ വ്യാജ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയാണെന്ന് നിരവധി ക്രൈസ്തവ നേതാക്കൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരിന്നു.

നിയമപ്രകാരം മതം മാറ്റപ്പെട്ട ആളിന്റെയോ, അടുത്ത ബന്ധുവിന്റെയോ, രക്ഷകർത്താവിന്റെ സ്ഥാനമുള്ള ആളുടെയോ പരാതിയില്ലാതെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. എന്നാൽ പോലീസ് ഈ വ്യവസ്ഥ പിന്തുടരുന്നില്ലായെന്നതാണ് വസ്തുത. രാജ്യത്ത് ക്രൈസ്തവ പീഡനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത് . ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ 155 ക്രൈസ്തവ വിരുദ്ധ അക്രമങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികൾ.


Related Articles »