News - 2024

ഉത്തര്‍പ്രദേശിലെ ക്രൈസ്തവ ആരാധനാലയം യോഗി സര്‍ക്കാര്‍ പൊളിച്ചുമാറ്റി

പ്രവാചകശബ്ദം 14-10-2023 - Saturday

ജോണ്‍പൂര്‍: തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജോണ്‍പൂര്‍ ജില്ലയിലെ ജീവന്‍ജ്യോതി ക്രൈസ്തവ ആരാധനാലയം സര്‍ക്കാര്‍ പൊളിച്ചുമാറ്റി. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണം എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടാണ് ബുലന്ദി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നു പൊളിച്ചു മാറ്റിയത്. ആരാധനാലയം പൊളിച്ചതിന് ചിലവായി 2,83,000 രൂപ നല്‍കുവാന്‍ ദേവാലയ അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നതും വിചിത്രമായ വസ്തുതയാണ്. ഏഴ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് പൊളിച്ച് മാറ്റിയതെന്നും, ദേവാലയത്തിലേക്കുള്ള റോഡ്‌ ബ്ലോക്ക് ചെയ്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ‘അമര്‍ ഉജാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സബ് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നേഹ മിശ്ര, അഡീഷണല്‍ എസ്.പി ബ്രിജേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വൈകിട്ട് 5 മണിയോടെ ആരംഭിച്ച ആരാധനാലയം തകർക്കൽ, രാത്രി വരെ നീണ്ടു. അസംഗഡ്, ഗാസിപൂര്‍, മാവു പൂര്‍വാഞ്ചലിലെ വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയിരിന്ന ദേവാലയമാണ് പൊളിച്ച് മാറ്റിയത്. 2018-ല്‍ ‘അഖില ഭാരതീയ ക്ഷത്രിയ മഹാസഭ യുവ’യുടെ സെക്രട്ടറിയായ അഖില്‍ യാദവ് ഈ പ്രാര്‍ത്ഥനാ കേന്ദ്രത്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 270 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ഈ കേസ് ഇപ്പോഴും അലഹാബാദ് ഹൈകോടതിയുടെ പരിഗണനയിലാണ്.

ഉത്തര്‍പ്രദേശിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കെതിരെയുള്ള യോഗി സര്‍ക്കാരിന്റെ അതിക്രമം ഇതാദ്യമായല്ല. യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴില്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശിലെ ക്രൈസ്തവര്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. ‘ആര്‍ട്ടിക്കിള്‍ 14’ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ 101 കേസുകളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ മൂന്നിലൊരുഭാഗവും ഹിന്ദുത്വവാദി സംഘടനകള്‍ ക്രിസ്ത്യാനികളെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസുകളായിരുന്നു.


Related Articles »