News
യുക്രൈനിൽ റഷ്യയുടെ ആക്രമണത്തില്‍ കത്തീഡ്രൽ ദേവാലയം തകർന്നു
പ്രവാചകശബ്ദം 27-07-2023 - Thursday
കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ ഒഡേസയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയം തകർന്നു. ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ മിഖായിലോ ബൂബ്‌നിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ജൂലൈ 23 ഞായറാഴ്ച വൈകിട്ട് യുക്രൈനെതിരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ യുക്രൈനിലെ ഒഡേസ നഗരത്തിലുള്ള ഓർത്തഡോക്സ് കത്തീഡ്രൽ തകരുകയായിരിന്നുവെന്ന് ബിഷപ്പ് ബൂബ്‌നി പറഞ്ഞു.
സംഭവത്തിൽ ഒരാൾ മരണമടഞ്ഞെന്നും, നാല് കുട്ടികൾ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് വെളിപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഒരുമണി മുതൽ അഞ്ചുമണി വരെ നീണ്ടുനിന്ന ആക്രമണത്തിൽ റഷ്യ എല്ലാ തരം മിസൈലുകളും ഉപയോഗിച്ചുവെന്ന് ബിഷപ്പ് ബൂബ്‌നി വിശദീകരിച്ചു. രൂപാന്തരീകരണത്തിന്റെ പേരിലുള്ള ഓർത്തഡോക്സ് കത്തീഡ്രലാണ് അപകടത്തിൽ തകർന്നത്. 1936-ൽ സ്റ്റാലിൻ ഭരണകൂടം നശിപ്പിച്ച ഈ കത്തീഡ്രൽ 1990-ലാണ് ഒഡേസയിലെ വിശ്വാസികളുടെ സഹായത്തോടെ പുനർനിർമ്മിച്ചത്.
ദേവാലയത്തിന് നേരെയുള്ള ആക്രമണത്തെ യുനെസ്കോ അപലപിച്ചു. തങ്ങളുടെ സംരക്ഷണത്തിനുള്ള പൈതൃകദേവാലയത്തിനെതിരെ നടന്ന ആക്രമണത്തെ ലജ്ജാകരമെന്ന് യുനെസ്കോ വിശേഷിപ്പിച്ചു. 2010-ൽ റഷ്യൻ പാത്രിയർക്കീസ് കിറിലായിരുന്നു ഈ കത്തീഡ്രൽ പുനർസമർപ്പണം ചെയ്തത്. ഞായറാഴ്ച വത്തിക്കാനിൽവച്ചു നടത്തിയ ത്രികാലജപ പ്രാർത്ഥനയുടെ അവസരത്തിൽ യുക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 61 കെട്ടിടങ്ങൾക്കും 146 അപ്പാർട്മെന്റുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.