News
എറിത്രിയയില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ വചനപ്രഘോഷകർ തടവിലായിട്ട് 7000 ദിനരാത്രങ്ങള്‍
പ്രവാചകശബ്ദം 10-08-2023 - Thursday
അസ്മാര: ആഫ്രിക്കയിലെ ഉത്തര കൊറിയ എന്നറിയപ്പെടുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ രണ്ടു വചനപ്രഘോഷകർ ഉള്‍പ്പെടെ ഏതാണ്ട് നാനൂറിലധികം ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ തടവിലായിട്ട് ഇക്കഴിഞ്ഞ ജൂലൈ 22-ന് 7,000 ദിനരാത്രങ്ങള്‍ തികഞ്ഞു. സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ കഴിഞ്ഞ പത്തൊൻപതിലധികം വര്‍ഷങ്ങളായി ഇവര്‍ പുറംലോകം കണ്ടിട്ടില്ല. ദി ഗ്ലോബല്‍ ലെയിന്‍, വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ് റേഡിയോയുടെ ഈ ആഴ്ചത്തേ എപ്പിസോഡിലൂടെ അവതാരകനായ ടോഡ് നെറ്റില്‍ട്ടനാണ് ഈ രണ്ടു വചനപ്രഘോഷകർ നേരിടുന്ന ദുരിതങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുക്കാട്ടുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് എറിത്രിയയിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
എറിത്രിയ ആഫ്രിക്കയിലെ ഉത്തരകൊറിയയെന്ന് വിളിക്കപ്പെടുന്നതിന്റെ കാരണവും അദ്ദേഹം വിവരിച്ചു. എറിത്രിയയിലെ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കൂട്ടായ്മയിലെ അംഗങ്ങളാണ് തടവിലാക്കപ്പെട്ടവര്‍. 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ ഇവാഞ്ചലിക്കല്‍ കൂട്ടായ്മകളുടെ ഭൂരിഭാഗം നേതാക്കളെയും വിളിച്ച് അടച്ചുപൂട്ടി എന്നറിയിക്കുകയായിരുന്നുവെന്നു അദ്ദേഹം വിവരിച്ചു. തുടര്‍ന്ന്‍ നിരവധി കൂട്ടായ്മകൾ രഹസ്യമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സര്‍ക്കാര്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ ക്രിസ്ത്യാനികളെ വേട്ടയാടി അറസ്റ്റ് ചെയ്തു. കുറ്റപത്രം പോലും സമര്‍പ്പിക്കാതെയാണ് ക്രിസ്ത്യാനികളെ അനിശ്ചിത കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുന്നതെന്നും ടോഡ് നെറ്റില്‍ട്ടണ്‍ പറഞ്ഞു.
മൂന്ന്‍ ക്രിസ്ത്യന്‍ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതി ഉള്ളത്. കത്തോലിക്കാ, ഇവാഞ്ചലിക്കല്‍, ലൂഥറന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നത്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നാലാമതാണ് എറിത്രിയയുടെ സ്ഥാനം.