News - 2024
'ആഫ്രിക്കയുടെ ഉത്തരകൊറിയ'യായി എറിത്രിയ; ക്രൈസ്തവ വിശ്വാസികൾ ഏറ്റുവാങ്ങുന്നത് കടുത്ത പീഡനമെന്ന് റിപ്പോർട്ട്
പ്രവാചകശബ്ദം 24-01-2024 - Wednesday
അസ്മാര: "ആഫ്രിക്കയുടെ ഉത്തരകൊറിയ" എന്നറിയപ്പെടുന്ന എറിത്രിയ ഭരിക്കുന്ന സ്വേച്ഛാധിപത്യ സർക്കാരിന് കീഴിൽ ക്രൈസ്തവർ ഏറ്റുവാങ്ങുന്നത് കൊടിയ പീഡനങ്ങൾ. ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾ നിരീക്ഷിക്കുന്ന ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേർനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പീപ്പിൾസ് ഫ്രണ്ട് ഫോർ ഡെമോക്രസി ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ അസൈസ് ആഫെയർകി ഭരിക്കുന്ന രാജ്യത്ത് ഏകദേശം ക്രൈസ്തവ വിശ്വാസികളും, മുസ്ലിം മത വിശ്വാസികളും തുല്യ സംഖ്യയിലാണുള്ളതെങ്കിലും ക്രൈസ്തവർ വലിയ വിവേചനം നേരിടുന്നു.
മതവിശ്വാസത്തിന്മേൽ വലിയ നിയന്ത്രണങ്ങളാണ് സർക്കാർ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. 400 മുതൽ 500 വരെ ക്രൈസ്തവരാണ് വിശ്വാസത്തിൻറെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജയിലുകളിൽ കഴിയുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ ആരെയും വിചാരണ ചെയ്യുകയോ, ആരുടെയും മേൽ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. ഇത് കൂടാതെയുള്ള തടവ് ശിക്ഷ കടുത്ത മനുഷ്യാവകാശ ലംഘനമായാണ് ചൂണ്ടിക്കാട്ടുന്നത്. കടുത്ത പീഡനങ്ങൾ ജയിലുകളിൽ ഇവർ അനുഭവിക്കുന്ന സാഹചര്യമുണ്ട്. എറിത്രിയയിൽ നടക്കുന്ന അതിക്രമങ്ങൾ ലോകം കണ്ണ് തുറന്നു കാണണമെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിന്റെ ആഫ്രിക്ക റീജണൽ ഡയറക്ടർ പറഞ്ഞു.
സംഘടന അടുത്തിടെ പീഡനം സഹിക്കുന്ന വിശ്വാസികൾക്ക് ഭക്ഷ്യ വസ്തുക്കളും, ഓഡിയോ ബൈബിളുകളും നൽകിയിരുന്നു. ജയിലുകളിൽ നിന്ന് പുറത്തുവന്ന ആളുകൾ അവിടുത്തെ അനുഭവങ്ങൾ വിവരിക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. എങ്കിലും ക്രിസ്തുവിനെ സ്വന്തമാക്കുന്നവർ നിരവധിയാണ്. ശുചിമുറിയിലെ വെള്ളം ഉപയോഗിച്ച് 50 ആളുകൾക്ക് ജയിലിൽ ജ്ഞാനസ്നാനം നൽകിയ സംഭവം വരെ നടന്നിട്ടുണ്ടെന്ന് പ്രാദേശിക സുവിശേഷപ്രഘോഷകൻ വെളിപ്പെടുത്തി. എതിർപ്പുകൾ ഉണ്ടെങ്കിലും നിരവധി ആളുകൾ യേശുക്രിസ്തുവിനെ രക്ഷകനും, നാഥനുമായി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എറിത്രിയയിലെ ക്രൈസ്തവരിൽ ഭൂരിഭാഗവും ഓർത്തഡോക്സ് വിശ്വാസികളാണ്.