India - 2024

'ഇന്ത്യ മാർച്ച് ഫോർ ലൈഫ്' 2024 പ്രോലൈഫ് റാലിക്ക് തൃശൂർ അതിരൂപത ആതിഥേയത്വം വഹിക്കും

പ്രവാചകശബ്ദം 14-08-2023 - Monday

തൃശൂർ: ജീവനെതിരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിക്കുന്നതിനും ഭ്രൂണഹത്യ എന്ന മഹാതിന്മക്കെതിരേ ശബ്ദിക്കുന്നതിനുമായി 2022-ൽ ആരംഭിച്ച "ഇന്ത്യ മാർച്ച് ഫോർ ലൈഫ്' പ്രോലൈഫ് റാലിക്ക് അടുത്ത വര്‍ഷം തൃശൂർ അതിരൂപത ആതിഥേയത്വം വഹിക്കും. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ ആഗ്രഹപ്രകാരമാണ് മൂന്നാമത് പ്രോലൈഫ് റാലി തൃശൂരിൽ നടത്താൻ തീരുമാനമായത്.

കഴിഞ്ഞ ദിവസം പൂനയിൽ നടന്ന റാലി, ഇന്ത്യയിലെ ആദ്യത്തെ കത്തീഡ്രൽ പള്ളിയായ പൂനയിലെ സെന്റ് പാട്രിക് ദേവാലയത്തിൽവെച്ച് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. റാലി പൂന നഗരം ചുറ്റി ദേവാലയത്തിൽത്തന്നെ സമാപിച്ചു. റാലിക്കുശേഷം ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, പോണ്ടിച്ചേരി ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കാളിസ്റ്റ്, മോൺ.മാക്കാം, ഫാ. കോളിൻസ്, ഫാ. ജോർജ്, ഫാ. പോൾ കുണ്ടുപറമ്പിൽ, മറ്റ് സഹ വൈദികരും ചേർന്ന് അർപ്പിച്ച ദിവ്യബലിയും ഉണ്ടായിരുന്നു.

ശേഷം അടുത്ത വർഷത്തെ മാർച്ച് ഫോർ ലൈഫിന് ആതിഥേയത്വം വഹിക്കുന്ന തൃശൂർ അതിരൂപതയ്ക്കുവേണ്ടി അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതി പ്രസിഡന്റ് രാജൻ ആൻറണി യും വൈസ് പ്രസിഡന്റും കെസിബിസി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറിയുമായ ജെയിംസ് ആഴ്ചങ്ങാടനും യൂത്ത് പ്രതിനിധിയായ ജോൺ ജെയിംസും ബ്രദർ സന്തോഷ് കരുമത്രയും ചേർന്ന് ഇന്ത്യ മാർച്ച് ഫോർ ലൈഫ് ബാനറും പരിശുദ്ധ കന്യകാമറിയത്തിന്റെ ഛായാചിത്രവും ഏറ്റുവാങ്ങി.

ഫാ. റോക്കി അൽഫോൻസോ, സിഎൻഎസ്സി കോ-ഓർഡിനേറ്റർ സിൽവൻ മിറാൻഡ, സിസ്റ്റർ പൗളീന മെലൈറ്റ് എംഎസ്എംഐ, ഷെവലിയർ സിറിൽ ജോൺ, ഡോ. ഫിൻറൊ ഫ്രാൻസിസ്, ജൊഹാന്ന ദുരൈരാജ്, അലെന തേക്കനത്ത്, വിനീത മക്കുടൻ എന്നിവർ പ്രസംഗിച്ചു. ജോയ്ൾ സിക്സിന്റെയും വസായ് യൂത്തിന്റെയും സംഗീത പരിപാടിയും ഉണ്ടായിരുന്നു.

More Archives >>

Page 1 of 542