News
ഒരു ലക്ഷത്തിലധികം അര്‍മേനിയന്‍ ക്രൈസ്തവര്‍ നാഗോര്‍ണോ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
പ്രവാചകശബ്ദം 16-08-2023 - Wednesday
യെരേവാൻ: വിവാദ ഭൂമിയായ നാഗോര്‍ണോ - കരാബാക്ക് മേഖലയിലെ ഏതാണ്ട് 1,20,000-ലധികം വരുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍, ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഭക്ഷണവും, മരുന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ട്. 'കാത്തലിക് ന്യൂസ് ഏജന്‍സി'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി സമീപകാലത്ത് അര്‍മേനിയ സന്ദര്‍ശിച്ചതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ക്രൈസ്തവരെ മേഖലയില്‍ നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി ഉപരോധം വഴി അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരബാഖ് മേഖലയെ ക്രൂരമായി കൊലപ്പെടുത്തുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
മേഖലയെ ജീവിതയോഗ്യമല്ലാതാക്കി മാറ്റി അവിടുത്തെ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയാണ് അസര്‍ബൈജാന്‍ ചെയ്യുന്നതെന്നും ബ്രൗണ്‍ബാക്ക് പറഞ്ഞിരിന്നു. ഇതിന് പിന്നാലെയാണ് 'സിഎന്‍എ'യുടെ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നാണ് അര്‍മേനിയന്‍ ക്രൈസ്തവര്‍. 1988 മുതല്‍ അര്‍മേനിയക്കാര്‍ ആര്‍ട്ട്സാക്ക് എന്ന്‍ വിളിക്കുന്ന നാഗോര്‍ണോ - കരാബാക്ക് മേഖലയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും പോരാട്ടത്തിലാണ്. അര്‍മേനിയക്കാര്‍ മേഖലയെ തിരിച്ചുപിടിക്കുവാനും, അസര്‍ബൈജാന്‍ ക്രിസ്ത്യാനികളെ മേഖലയില്‍ നിന്നും തുടച്ചുനീക്കുവാനുമാണ് ശ്രമിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യക്കിരയാക്കി എന്ന കുപ്രസിദ്ധി നേടിയിട്ടുള്ള തുര്‍ക്കിയുടെ പിന്തുണയും അസര്‍ബൈജാജാന് ലഭിക്കുന്നുണ്ട്.
ബ്രൗണ്‍ബാക്കിന് പുറമേ ‘ദി ഫിലോസ് പ്രൊജക്റ്റ്’ എന്ന കത്തോലിക്ക മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റായ റോബര്‍ട്ട് നിക്കോള്‍സണ്‍ ഉള്‍പ്പെടെയുള്ള നാഗോര്‍ണോ-കരാബാക്ക് മേഖലയില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയിരിന്നു. 2020-ലാണ് തുര്‍ക്കിയുടെ സഹായത്തോടെ അസര്‍ബൈജാന്‍ മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. 6 ആഴ്ച നീണ്ടു നിന്ന ആ യുദ്ധത്തില്‍ 6,800 പേര്‍ കൊല്ലപ്പെടുകയും, 90,000 പേര്‍ ഭവനരഹിതരാവുകയും ചെയ്തിരിന്നു.
അര്‍മേനിയയേയും നാഗോര്‍ണോ-കരാബാക്ക് മേഖലയേയും ബന്ധിപ്പിക്കുന്ന നാലു മൈല്‍ നീളമുള്ള ലാച്ചിന്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയ റോഡില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അസര്‍ബൈജാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏതാണ്ട് 1,00,000 അര്‍മേനിയന്‍ ക്രൈസ്തവര്‍ സ്വന്തം രാജ്യത്തുനിന്നും മുറിച്ച് മാറ്റപ്പെട്ടപോലെ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയാണ്. ഇതില്‍ 30,000 കുട്ടികളും, 20,000 പ്രായാധിക്യം ചെന്നവരും, 9,000-ത്തോളം വികലാംഗരും ഉള്‍പ്പെടുന്നുണ്ടെന്നാണ് കാരിത്താസ് അര്‍മേനിയായുടെ പ്രോജക്റ്റ് മാനേജരായ ലൂസിനെ സ്റ്റെപയാന്‍ പറയുന്നത്. മേഖലയില്‍ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയും നേരത്തെ രംഗത്തുവന്നിരിന്നു.