News - 2024
മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലേന്ന് സായുധ സൈന്യത്തെ ദൈവമാതാവിന് സമര്‍പ്പിച്ച് മെക്സിക്കോ
പ്രവാചകശബ്ദം 16-08-2023 - Wednesday
മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിന്റെ തലേന്ന് ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് തങ്ങളുടെ സായുധ സേനയെ സമര്‍പ്പിച്ച് മെക്സിക്കന്‍ സൈന്യം. സായുധ സേനാംഗങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും, മിലിട്ടറി ആശുപത്രികളിലേയും അജപാലകപരമായ കാര്യങ്ങള്‍ നിര്‍വഹിച്ചു വരുന്ന സൈനീക ഇടവക മെക്സിക്കൻ സഭയുടെ ഭാഗമാണ്. നിരവധി സൈനീകര്‍ പങ്കെടുത്ത തിരുകര്‍മ്മത്തില്‍ അതിരൂപതാ മിലിട്ടറി ചാപ്ലൈനായ ഫാ. ജോര്‍ജ് റെയിസ് ഡെ ലാ റിവ സമര്‍പ്പണത്തിന് നേതൃത്വം നല്‍കി.
ജനറല്‍മാരുടെ ജനറലും, അഡ്മിറല്‍മാരുടെ അഡ്മിറലുമായ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ തിരുമുമ്പില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ മാതൃത്വപരമായ മാധ്യസ്ഥം വഴി തിന്മയുടെ ശക്തിയുടെ എല്ലാ അപകടങ്ങളില്‍ നിന്നും മെക്സിക്കോയിലെ അര്‍മാന്‍ഡോ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളെ സംരക്ഷിക്കുക എന്നതാണ് സായുധ സൈന്യത്തെ മാതാവിനായി സമര്‍പ്പിച്ചതിന്റെ പിന്നിലെ ലക്ഷ്യമെന്നു ഫാ. ജോര്‍ജ് റെയിസ് ‘എ.സി.ഐ പ്രെന്‍സാ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മെക്സിക്കന്‍ സൈന്യത്തിന്റേയും, മറീനുകളുടേയും പ്രവര്‍ത്തി സ്വന്തം രാജ്യത്തോടുള്ള രാഷ്ട്രസ്നേഹത്തിനും അപ്പുറമായിരിക്കണമെന്നും, മെക്സിക്കന്‍ ജനതക്ക് വേണ്ടിയുള്ള അവരുടെ സേവനം ‘ക്രിസ്തുവിലൂടെ, ക്രിസ്തുവിനൊപ്പം, ക്രിസ്തുവില്‍’ എന്ന മഹത്തായ ക്രിസ്തീയ വചനത്താല്‍ ഉത്കൃഷ്ടമാക്കപ്പെടണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. മെക്സിക്കന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24-ല്‍ ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തേ മാനിച്ചുകൊണ്ട് സായുധ സൈനീകരുടേയും, വായു സേന, നാവിക സേന, നാഷണല്‍ ഗാര്‍ഡ് എന്നീ സേനാവിഭാഗങ്ങളുടേയും കുടുംബങ്ങള്‍ തങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും, തങ്ങളുടെ സൈനീക യാത്രയില്‍ പ്രത്യാശ ഉണ്ടാകുന്നതിനുമായി ഇത്തരം വിശ്വാസപരമായ ചടങ്ങുകളില്‍ പങ്കെടുത്തു വരുന്നുണ്ട്. മൂന്ന്‍ വര്‍ഷങ്ങളായി മെക്സിക്കന്‍ സൈന്യം പിന്തുടര്‍ന്നുവരുന്നതാണ് ഈ ആത്മീയ പാരമ്പര്യം.