News
ചരിത്ര നിമിഷം: മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ സഭാതലവനായി ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 01-09-2023 - Friday
ഉലാൻബാറ്റര്‍: ഏഷ്യൻ രാജ്യമായ മംഗോളിയയിൽ ഫ്രാന്‍സിസ് പാപ്പ ഇന്നു കാലുകുത്തിയതോടെ പിറന്നത് പുതിയ ചരിത്രം. ആദ്യമായിട്ടാണ് കത്തോലിക്കാ സഭയുടെ തലവൻ മംഗോളിയ സന്ദർശിക്കുന്നത്. രാജ്യ തലസ്ഥാനമായ ഉലാൻബാറ്ററിൽ പാപ്പയുടെ വിമാനം രാവിലെയാണ് ചിങ്കിസ് ഖാൻ വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്നത്. ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ രാജ്യത്തെ വിദേശകാര്യ മന്ത്രിയാണ് എത്തിയത്. ചെറിയ ഒരു ജനതയെ, എന്നാൽ വലിയൊരു സംസ്കാരത്തെ കാണാൻ വേണ്ടിയാണ് താൻ മംഗോളിയ സന്ദർശിക്കുന്നതെന്ന് വിമാനത്തിൽവെച്ച് പാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ചൈന ഉൾപ്പെടെ പത്ത് രാജ്യങ്ങളിലൂടെ വ്യോമപാതയിലൂടെ 10 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുമായി ഐടിഎ എയർവെയ്സ് വിമാനം രാജ്യത്ത് എത്തിച്ചേർന്നത്. ചൈനയുടെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ പ്രസിഡന്റ് ഷി ജിൻപിംഗിന് പാപ്പയുടെ സന്ദേശം കൈമാറിയിരിന്നു. ചൈനയ്ക്ക് വേണ്ടിയും, ഐക്യത്തിന്റെയും, സമാധാനത്തിന്റെയും സ്വർഗ്ഗീയ അനുഗ്രഹം ഉണ്ടാകാനും താൻ പ്രാർത്ഥിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.
അപ്പസ്തോലിക സന്ദർശനത്തിന്റെ ആദ്യത്തെ ദിവസമായ ഇന്നു അപ്പസ്തോലിക് പ്രിഫക്ചറിൽ വിശ്രമിക്കും. നാളെ സെപ്റ്റംബർ രണ്ടാം തീയതി നഗരത്തിന്റെ സുക്ക്ബാത്താർ സ്ക്വയറിൽ പാപ്പയ്ക്ക് സ്വീകരണം നല്‍കും. ഇതിൽ മംഗോളിയയുടെ പ്രസിഡന്റ് ഉക്നാജിൻ കുറൽസുകും പങ്കെടുക്കും. സ്വീകരണത്തിനു ശേഷം വിശുദ്ധ പീറ്റർ ആൻഡ് പോൾ കത്തീഡ്രലിലെ വിശ്വാസി സമൂഹത്തിന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച അവസരം ഒരുക്കുന്നുണ്ട്. സെപ്റ്റംബർ 4 വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടുക്കും.
1450 ആളുകൾ മാത്രമാണ് മംഗോളിയിൽ കത്തോലിക്കാ വിശ്വാസികൾ ആയിട്ടുള്ളത്. ഇത് ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. 1922 ലാണ് മംഗോളിയയിൽ മിഷ്ണറി പ്രവർത്തനം ആരംഭിക്കുന്നത്. ഏറെനാൾ കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിലൂടെ മംഗോളിയിലെ കത്തോലിക്കാ വിശ്വാസികൾ കടന്നു പോയിരുന്നു. 2016ലാണ് രാജ്യത്തിന് ആദ്യത്തെ തദ്ദേശീയ വൈദികനെ ലഭിക്കുന്നത്. രാജ്യത്ത് മിഷ്ണറി പ്രവർത്തനം നടത്തുന്ന ഇറ്റലി സ്വദേശിയായ ജോർജിയോ മറേൻഗോയെ കഴിഞ്ഞവർഷമാണ് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയതെന്നതും ശ്രദ്ധേയമാണ്.