News
ഫ്രാന്‍സിസ് പാപ്പയുടെ മംഗോളിയ സന്ദര്‍ശനം തുടരുന്നു
പ്രവാചകശബ്ദം 03-09-2023 - Sunday
വത്തിക്കാന്‍ സിറ്റി: നാലു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി മംഗോളിയയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കു ആവേശകരമായ വരവേല്‍പ്പ് തുടരുന്നു. ഇന്നലെ ശനിയാഴ്ച അപ്പസ്തോലിക കാര്യാലയത്തില്‍ നിന്നു രണ്ടു കിലോമീറ്ററുകൾ അകലെയുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് എത്തിയ പാപ്പയെ കൊട്ടാരത്തിന് മുൻപിലുള്ള സുഖ്ബതാർ ചത്വരത്തിൽ മംഗോളിയയുടെ പ്രസിഡന്റ് ഔദ്യോഗികമായി സ്വീകരിച്ചു. പാപ്പായുടെ അപ്പസ്തോലികയാത്രയിൽ പങ്കെടുക്കാനായി മംഗോളിയയിലും ഹോങ്കോങ് ഉൾപ്പെടെയുള്ള സമീപരാജ്യങ്ങളിൽനിന്നുമായി എത്തിയ കുറച്ച് ക്രൈസ്തവ വിശ്വാസികളും ചത്വരത്തിൽ ഉണ്ടായിരുന്നു.
സൈനികാദരം, ദേശീയഗാനാലാപനങ്ങൾ, പതാകയുയർത്തൽ എന്നിവയ്ക്ക് ശേഷമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടത്. മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ചക്രവർത്തിയും ആയിരുന്ന ചെംഗിസ് ഖാന്റെ പ്രതിമയ്ക്ക് ആദരവർപ്പിക്കുന്ന ചടങ്ങിൽ പാപ്പ പങ്കെടുത്തു. പ്രധാന അതിഥികൾക്കായുള്ള പ്രത്യേക ബുക്കിൽ, സമാധാനത്തിന്റെ തീർത്ഥാടകനാണ് താനെന്നും, മംഗോളിയയിലെ തെളിഞ്ഞ ആകാശം സഹോദര്യത്തിന്റെ മാർഗ്ഗത്തെ പ്രകാശിപ്പിക്കട്ടെയെന്നും കുറിച്ച് ഒപ്പുവച്ചു. തുടർന്ന് ഇരുവരും സ്വകാര്യ കൂടിക്കാഴ്ച നടത്തി.
തന്റെ യാത്രയുടെ ഓർമ്മയ്ക്കായി, സാധാരണ പതിവുള്ളതുപോലെ, പ്രത്യേകമായി തയ്യാറാക്കിയ സ്വർണ്ണമെഡലും, 1246-ൽ മംഗോളിയയിൽ രാജാവായിരുന്ന ഗുയുക് ഖാൻ, ക്രൈസ്തവദേശങ്ങൾ തനിക്ക് അടിയറവ് വയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഇന്നസെന്റ് നാലാമൻ പാപ്പയ്ക്ക് അയച്ച കത്തിന്റെ പകർപ്പും രാജ്യത്തിന്റെ പ്രസിഡന്റിന് ഫ്രാൻസിസ് പാപ്പ സമ്മാനിച്ചു. പ്രസിഡന്റുമൊത്തുള്ള സ്വകാര്യകൂടിക്കാഴ്ചയെത്തുടർന്ന് കൊട്ടാരത്തിലെ ഇഖ് മംഗോൾ ശാലയിൽ മംഗോളിയയുടെ രാഷ്ട്രീയാധികാരികളും, പൊതുസമൂഹത്തിന്റെയും വിവിധ രാജ്യങ്ങളുടെ നയതന്ത്രവിഭാഗത്തിന്റെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സമ്മേളനം നടന്നു. മംഗോളിയയുടെ പ്രസിഡന്‍റ് ഉഖ്‌നാഗിൻ ഖുറെൽസുഖ്, പരിശുദ്ധ സിംഹാസനവും മംഗോളിയായും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ മുപ്പതാം വാർഷികവും ചെംഗിസ് ഖാന്റെ 860-മത് ജന്മവാർഷികവും ആഘോഷിക്കുന്ന വേളയിലാണ് പാപ്പായുടെ ചരിത്രപ്രധാനമായ ഈ സന്ദർശനം നടക്കുന്നതെന്ന് അനുസ്മരിച്ചു.
ഹ്രസ്വമായ ഈ സമ്മേളനത്തിന് ശേഷം പാപ്പ, പ്രസിഡന്റിന്റെ കൊട്ടാരത്തിലെ മൂന്നാം നിലയിലെത്തി പാർലമെന്റ് പ്രെസിഡന്റ ഗോംബോജാവ് സന്ദൻഷതാറുമായും പ്രധാനമന്ത്രി ഒയൂൻ-ഏർദെൻ ലുവ്‌സന്നാംസ്രായിയുമായും കൂടിക്കാഴ്ച നടത്തി. ഇരുവർക്കും പാപ്പാ വെള്ളിയിൽ തീർത്ത പ്രത്യേകമെഡലുകൾ സമ്മാനിച്ചു. ഉച്ചകഴിഞ്ഞ് 3.45-ന്, മംഗോളിയയിലെ പ്രാദേശികസഭയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അപ്പസ്തോലിക കാര്യാലയത്തില്‍ നിന്നു നാലു കിലോമീറ്ററുകളോളം അകലെ, വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഊലാൻബതാറിലെ കത്തീഡ്രലിലേക്ക് പാപ്പാ കാറിൽ യാത്ര പുറപ്പെട്ടു.
അപ്പസ്തോലിക് പ്രീഫെക്റ്റ് കർദ്ദിനാൾ മാരേങ്കോയോടൊപ്പം ഇവിടെയെത്തിയ പാപ്പായെ ഒരു മംഗോളിയൻ വനിത ഒരു കപ്പ് പാൽ നൽകി സ്വീകരിച്ചു. രണ്ടായിരത്തോളം ആളുകൾ പാപ്പയെ കാത്ത് നിന്നിരുന്നു. കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെത്തിയ പാപ്പായെ ഇടവകവികാരിയും അസിസ്റ്റന്റ് വികാരിയും ചേർന്ന് സ്വീകരിച്ചു. ദേവാലയത്തിലുണ്ടായിരുന്ന ആളുകൾ ഗാനാലാപങ്ങളും കരഘോഷവുമായാണ് പാപ്പായെ വരവേറ്റത്. പാപ്പയുടെ മംഗോളിയ സന്ദര്‍ശനം നാളെ സമാപിക്കും.