News
നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരും ആയിരിക്കുക: ചൈനീസ് കത്തോലിക്കരോട് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 04-09-2023 - Monday
ഉലാന്‍ബാറ്റര്‍: മംഗോളിയ സന്ദർശന വേളയിൽ ചൈനയിലെ കത്തോലിക്കരോട് "നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരും" ആയിരിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഞായറാഴ്ച മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാറ്ററിൽ നടന്ന വിശുദ്ധ കുർബാനയില്‍ ചൈനയില്‍ നിന്നുള്ള വിശ്വാസികളും പങ്കെടുത്തിരിന്നു. ഇതേ തുടര്‍ന്നു നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. ഹോങ്കോങ്ങിലെ ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ ജോൺ ടോങ് ഹോണിന്റെയും ഹോങ്കോങ്ങില്‍ കർദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് സ്റ്റീഫൻ ചൗ സൗ-യാൻ, എസ്.ജെയുടെയും കരങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് ചൈനീസ് ജനതയ്ക്ക് പാപ്പ ആശംസ നേര്‍ന്നത്.
"ഇവർ രണ്ട് സഹോദര ബിഷപ്പുമാരാണ്, ഹോങ്കോങ്ങിലെ എമരിറ്റസും ഹോങ്കോങ്ങിന്റെ നിലവിലെ ബിഷപ്പും. ചൈനയിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേരാന്‍ ഇവരുടെ സാന്നിധ്യം പ്രയോജനപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ആളുകൾക്കും ഞാൻ ആശംസകൾ നേരുന്നു. എല്ലായ്‌പ്പോഴും മുന്നേറുക, നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരും ആയിരിക്കാൻ ഞാൻ ചൈനീസ് കത്തോലിക്കരോട് ആവശ്യപ്പെടുന്നു. നന്ദി". - പാപ്പ പറഞ്ഞു.
ചൈനയില്‍ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു. നിരീശ്വരവാദത്തിന് പിന്തുണ നല്‍കി ക്രൈസ്തവ വിരുദ്ധ നിലപാട് പിന്തുടരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ സമൂഹത്തിന് വലിയ ഭീഷണിയാണ്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു ഭീഷണിയാകുന്നതെല്ലാം തടയുക എന്നതാണ് റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടേയും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു.