News

ബെൽജിയം രാജാവും സഹധർമ്മിണിയും ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

പ്രവാചകശബ്ദം 15-09-2023 - Friday

വത്തിക്കാന്‍ സിറ്റി: യൂറോപ്യന്‍ രാജ്യമായ ബെൽജിയത്തിലെ രാജാവായ ഫിലിപ്പും സഹധർമ്മിണിയായ മതില്‍ഡേയും ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ഇരുവരെയും ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചു. പരിശുദ്ധ സിംഹാസനവും ബെൽജിയവും തമ്മിലുള്ള ബന്ധവും രാജ്യത്തെ ക്രൈസ്തവ കത്തോലിക്കാ വിശ്വാസങ്ങൾക്ക് നല്‍കുന്ന പ്രാധാന്യവും ഫ്രാൻസിസ് പാപ്പായും രാജകുടുംബവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയില്‍ പ്രമേയമായി.

ആഫ്രിക്ക, യുക്രൈനിലെ യുദ്ധം, ജനങ്ങൾക്കിടയിൽ സമാധാനത്തിനുള്ള പ്രതിബദ്ധത എന്നിവയെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നതെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി. തിരുസഭയുടെ പരമാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ വെള്ള വസ്ത്രം ധരിക്കുവാന്‍ പ്രത്യേക അധികാരമുള്ള രാജ്ഞിയാണ് ബെൽജിയം രാജ്ഞി.

പരമ്പരാഗതമായി രാജ്യത്തിന്റെ പ്രഥമ വനിതകള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ ധരിച്ചു വരുന്നത് നീണ്ട കൈകളും കഴുത്ത് ഭാഗത്തോട് കൂടിയതുമായ നീളമുള്ള കറുത്ത ഉടുപ്പാണ്. എന്നിരുന്നാലും ചിലരെ കറുത്തവസ്ത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ഈ വിശേഷാധികാരത്തെയാണ്‌ ‘പ്രിവിലിജെ ഡു ബ്ലാങ്ക്’ (Privilege of white) എന്ന് വിളിക്കുന്നത്. കത്തോലിക്കാ രാജ്ഞിമാര്‍, രാജാവിന്റെ ഭാര്യമാര്‍, രാജകുമാരിമാര്‍ തുടങ്ങിയവര്‍ക്കാണ് ഇതിനുള്ള അവകാശം. നിലവില്‍ 7 പേര്‍ക്കാണ് ഈ പ്രത്യേകാവകാശമുള്ളത്. അതില്‍ ഒരാളാണ് ബെൽജിയം രാജ്ഞി. ( ഇതുമായി ബന്ധപ്പെട്ട് 'പ്രവാചകശബ്ദം പ്രസിദ്ധീകരിച്ച വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍ )

പാപ്പയുമൊത്തുള്ള കൂടിക്കാഴ്ചയെത്തുടർന്ന്, വത്തിക്കാനും, മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്കായുള്ള സെക്രട്ടറി, ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗറും രാജകുടുംബവുമായി ചർച്ച നടത്തി. ദിവംഗതനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ബെൽജിയൻ രാജകുടുംബം ജനുവരി ആദ്യം വത്തിക്കാനില്‍ എത്തിയിരിന്നു.


Related Articles »