News - 2025

മൊസാംബിക്കില്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം: 11 വിശ്വാസികള്‍ക്കു ദാരുണാന്ത്യം

പ്രവാചകശബ്ദം 21-09-2023 - Thursday

കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ട ആക്രമണത്തില്‍ 11 പേർ കൊല്ലപ്പെട്ടു. സെപ്തംബർ 15നു കാബോ ഡെൽഗാഡോ പ്രവിശ്യയിലെ മോക്കിംബോവ ഡാ പ്രയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാക്വിറ്റെൻഗ് ഗ്രാമത്തിൽ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ വിവരങ്ങള്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) ഇന്റർനാഷ്ണലാണ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമത്തില്‍ എത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രിസ്ത്യാനികളെ പേരുകളുടെ അടിസ്ഥാനത്തിൽ, മുസ്ലീങ്ങളിൽ നിന്ന് വേർപെടുത്തിയ ശേഷം ക്രൈസ്തവര്‍ക്ക് നേരെ വെടിയുതിർക്കുകയായിരിന്നുവെന്ന് എ‌സി‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തത്. 11 പേരുടെ മരണ വിവരമാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും ഇതിലും അധികമുണ്ടെന്നാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റു. കാബോ ഡെൽഗാഡോയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഫ്രറ്റേണിറ്റി ഓഫ് ദ പുവർ ഓഫ് ജീസസ് (പിജെസി) മിഷ്ണറി സമൂഹത്തിലെ വൈദികനായ ഫാ. ബോവെൻചുറ, ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് വധിക്കുന്നതിന് മറ്റുള്ളവരില്‍ നിന്നു മാറ്റിനിര്‍ത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബർ 15നു ഉണ്ടായ മറ്റൊരു ആക്രമണത്തെ തുടര്‍ന്നു നിരവധി പേർ പലായനം ചെയ്യാന്‍ സമയത്താണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. കഷ്ടപ്പെടുന്ന തങ്ങളുടെ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

2017-ൽ പൊട്ടിപ്പുറപ്പെട്ട വടക്കൻ മൊസാംബിക്കിലെ പ്രതിസന്ധി കാബോ ഡെൽഗാഡോ പ്രവിശ്യയിലാണ് കൂടുതലും നടക്കുന്നത്. ഇത് അയൽ പ്രവിശ്യകളായ നംപുല, നിയാസ്സ എന്നിവയിലേക്കും വ്യാപിച്ചിട്ടുണ്ട്. പ്രാദേശികമായി അൽ ഷബാബ് എന്ന് വിളിക്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ആയുധധാരികൾ വലിയ രീതിയിലുള്ള ആക്രമണമാണ് ഇവിടെ നടത്തുന്നത്. ഏപ്രിലിലെ കണക്കനുസരിച്ച്, അക്രമാസക്തമായ സംഘർഷങ്ങളെ തുടര്‍ന്നു ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെ നിന്ന് കുടിയൊഴിക്കപ്പെട്ടത്.


Related Articles »