News - 2024
ഇസ്ലാമിക തീവ്രവാദം ഉച്ചസ്ഥായിയില്‍; ക്രൈസ്തവരുടെ അവസ്ഥ പരിതാപകരമെന്ന് മൊസാംബിക്ക് ബിഷപ്പ്
പ്രവാചകശബ്ദം 05-03-2024 - Tuesday
മാപുടോ: രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും മൊസാംബിക്ക് ബിഷപ്പ്. വടക്കൻ മൊസാംബിക്കില്‍ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസാണ് രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളി സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് വിവരിച്ചത്. അടുത്തിടെ കുറഞ്ഞത് 12 കമ്മ്യൂണിറ്റികളെങ്കിലും തീവ്രവാദികൾ റെയ്ഡ് ചെയ്തായി റിപ്പോർട്ടുകളുണ്ടെന്നും താരതമ്യേനെ സുരക്ഷ വാഗ്ദാനം ചെയ്യുന്ന വലിയ നഗരങ്ങളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം ഒരു ഡസനോളം ഗ്രാമങ്ങൾ, അവയിൽ ചിലത് വളരെയധികം ജനസംഖ്യയുള്ള ആക്രമണങ്ങള്‍ക്കു ഇരയായി. വീടുകളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ആ ഗ്രാമങ്ങളിലെ എല്ലാ ക്രിസ്ത്യൻ ചാപ്പലുകളും നശിപ്പിക്കപ്പെട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള നിരവധി പൊതു സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇപ്പോൾ, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയവും പിന്തുണയും നല്‍കുന്ന കാര്യത്തിലാണ് പ്രധാന ആശങ്ക. അവർ ചാരമായി മാറിയ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യുന്നു, സുരക്ഷിതമായ ഒരു സ്ഥലത്തിനായി തിരയുകയാണ്; അവർ അത് എവിടെ കണ്ടെത്തുമെന്ന് എനിക്കറിയില്ല.
എന്നാൽ ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ബിഷപ്പ് ദുഃഖത്തോടെ പങ്കുവെച്ചു. ആളുകൾ തങ്ങൾക്ക് കഴിയുന്നത് മാത്രം, തലയിൽ ഒരു കെട്ടാക്കിയോ സൈക്കിളിലോ കൊണ്ടുപോകുന്നു. ബാക്കിയെല്ലാം ഉപേക്ഷിക്കുന്നു. വിശപ്പും രോഗവും അവരെ വേട്ടയാടും. രൂപതയിലെ ഒരു പ്രവർത്തകയുടെ ബന്ധുവായ ടീന എന്ന സ്ത്രീയ്ക്കു സംഭവിച്ച ദയനീയ മരണവും ബിഷപ്പ് സ്മരിച്ചു. ആക്രമങ്ങളെ തുടര്‍ന്നു അവളും ഓടി. അവളോടൊപ്പം നവജാത ശിശുവുമുണ്ടായിരുന്നു. ചൂടും പൊടിയും കൊണ്ട് വലഞ്ഞു. മടുത്തപ്പോള്‍ അവൾ കണ്ടെത്തിയ കുറച്ച് വെള്ളം കുടിച്ചു. വയറിളക്കം ഛർദ്ദിയും തുടങ്ങി. പിന്നീട് മരിച്ചു. ആ കുഞ്ഞിന് അമ്മയില്ലാതെ പോയി. ഇതാണ് രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥയെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്.