News - 2025

റഷ്യൻ ആക്രമണം: കത്തോലിക്ക സന്നദ്ധ സംഘടന പാവപ്പെട്ടവർക്കായി സമാഹരിച്ച 300 ടൺ സാധന സാമഗ്രികൾ നശിച്ചു

പ്രവാചകശബ്ദം 21-09-2023 - Thursday

ലിവിവ്: യുക്രൈനിലെ ലിയോപോളിയിലെ ലിവിവിൽ ഗോഡൗണിനു നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ കത്തോലിക്ക സന്നദ്ധ സംഘടന പാവപ്പെട്ടവർക്കായി സമാഹരിച്ച സാധനസാമഗ്രികൾ നശിച്ചു. സെപ്റ്റംബർ 19 ന് രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ 300 ടൺ സാധനസാമഗ്രികളാണ് നശിച്ചത്. ഒരു വർഷത്തിലേറെയായി യുക്രൈനു നേരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം ലിയോപോളിയിലെ ലിവിവിൽ ഗോഡൗണിനു നേരെ ആക്രമണം അരങ്ങേറുകയായിരിന്നു. ബോംബാക്രമണത്തിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്, സ്‌പേസ് സംഘടന പാവപ്പെട്ടവർക്കായി അവിടെ സംഭരിച്ചിരുന്ന വസ്തുവകകളാണ് കത്തിനശിച്ചത്.

ഭക്ഷണപാക്കറ്റുകൾ, ശുചിത്വകിറ്റുകൾ, ജനറേറ്ററുകൾ, വസ്ത്രങ്ങൾ എന്നിവ നശിച്ച വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. നിലവിൽ നഷ്ടത്തിന്റെ വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ, ഗോഡൗൺ കൈകാര്യം ചെയ്യുന്ന എൽവിവ് അതിരൂപതയുടെ പ്രതിനിധികൾ, ഈ ആക്രമണത്തിൽ വെയർഹൗസിലുണ്ടായിരുന്ന 300 ടൺ സഹായവസ്തുക്കൾ കത്തിനശിച്ചുവെന്ന് അറിയിച്ചു. അതേസമയം ഗോഡൗണിലുണ്ടായിരുന്ന യാത്രാവാഹനങ്ങൾ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരം ഗോഡൗണുകൾക്ക് നേരെ റഷ്യൻ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഒഡേസ്സയിലെയും ടെർനോപിലെയും സന്നദ്ധസംഘടനകള്‍ സ്വരൂപിച്ച വിവിധ വസ്തുക്കള്‍ അടങ്ങിയ രണ്ട് ഗോഡൗണുകൾ റഷ്യ നശിപ്പിച്ചിരുന്നു.


Related Articles »