Social Media

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 27-09-2023 - Wednesday

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. 15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ അംഗമായി വ്രതം ചെയ്തു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1910 ആഗസ്റ്റു മാസം പത്താം തീയതി പൗലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്നു തിരുപട്ടം സ്വീകരിച്ചു. 1918 സെപ്തംബർ 20 -ാം തീയതി മുപ്പത്തി ഒന്നാമത്തെ വയസ്സിൽ ആദ്യമായി ശരീരത്തു പഞ്ചക്ഷതമുണ്ടായി.

സഭാ ചരിത്രത്തിൽ പഞ്ചക്ഷതമുണ്ടാകാൻ ഭാഗ്യം ലഭിച്ച ആദ്യ വൈദീകനാണ് പിയോ അച്ചൻ. സാൻ ജിയോവാനി റോന്റോണ്ടോ ആശ്രമത്തിൽ 51 വർഷം ജീവിച്ച വി. പിയോ ഒരിക്കൽപ്പോലും അവധി എടുത്തട്ടില്ല. ഈശോ മറിയം നാമം ഉച്ചരിച്ചുകൊണ്ടു 1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിൽ പാദ്രെ പിയോ സ്വർഗ്ഗത്തിലേക്കു യാത്രയായി. 1947 ൽ വൈദീകനായിരിക്കെ പിയോ അച്ചന്റെ അടുക്കൽ കുമ്പസാരിക്കാൻ പോളണ്ടിൽ നിന്നു വന്ന ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 2002 ജൂണ്‍ 16നു പിയോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ നമുക്കു മനസ്സിലാക്കാം.

1. ദിവ്യകാരുണ്യ ഭക്തി ‍

“എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു." (യോഹന്നാന്‍ 6 : 56). പാദ്രെ പിയോയുടെ ജീവിതം ഈശോയോടു കൂടിയാണ് എന്നും ആരംഭിച്ചിരുന്നത്. രാവിലെ 2:30 നു ഉണർന്നിരുന്ന ഫാ. പിയോ മണിക്കൂറുകൾ പ്രാർത്ഥിച്ചൊരുങ്ങിയാണ് ബലിക്കു തയ്യാറായിരുന്നത്. പ്രഭാത ബലികൾ മണിക്കുറുകളോളം നീണ്ടിരുന്നു. വിശുദ്ധ കുർബാനയുടെ മഹത്വം തിരിച്ചറിഞ്ഞതുമൂലമുള്ള ആത്മ നിർവൃതിയിലും പഞ്ചക്ഷതങ്ങളുടെ തീവ്രമായ സഹനങ്ങളും മൂലമായിരുന്നു വിശുദ്ധ കുർബാന ദീർഘനേരം നീണ്ടു നിന്നിരുന്നത്. .

വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല എന്ന വി. പിയോയുടെ പ്രബോധനം ഭുവന പ്രസിദ്ധമാണ്. ലോകം മുഴുവനും അതിന്റെ നിലനിൽപ്പിനായി വിശുദ്ധ കുർബാനയെ ആശ്രയിക്കുന്നു. പരിശുദ്ധ കുർബാനയെക്കുറിച്ചു രണ്ടു കാര്യങ്ങളാണ് പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കാൻ കഴിയുന്നത്. ഒന്നാമതായി വിശുദ്ധ കുർബാന ബലിയാണ് എന്ന യാഥാർത്ഥ്യം. വിശുദ്ധ കുർബാന നമ്മുടെ കർത്താവിന്റെ കാൽവരിയിലെ ബലിയുടെ പുനരവതരണമാണ്. ആത്മീയമായി ഓരോ ബലിയും ഈശോയുടെ പീഡാനുഭവം, മരണം ഉത്ഥാനം എന്നി പെസഹാ രഹസ്യങ്ങളിലേക്കു നമ്മളെ പ്രവേശിപ്പിക്കും. രണ്ടാമതായി, വിശുദ്ധധ കുർബാനയെ നമ്മൾ എപ്രകാരം സമീപിക്കണ മെന്നു വി. പിയോ പഠിപ്പിക്കുന്നു. എത്രമാത്രം ഭയഭക്തിയോടും സ്നേഹത്തോടും കൂടി കർത്താവിന്റെ ബലിവേദിയെ നാം സമീപിക്കുന്നുവോ അത്രമാത്രം നമ്മൾ അതു വിലമതിക്കും, എത്രമാത്രം വിശുദ്ധ കുർബാനയെ നാം വിലമതിക്കുവോ അത്രമാത്രംമാത്രം വിശുദ്ധ കുർബാന നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും.

2. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി ‍

മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.(ലൂക്കാ 1 : 38). പാദ്രെ പിയോയിക്കു പരിശുദ്ധ കന്യകാമറിയത്തോടു അതിരറ്റ സ്നേഹമുണ്ടായിരുന്നു. 1913 പിയോ എഴുതിയ ഒരു കത്തിൽ ഇതു വളരെ വ്യക്തമാണ്: " നമ്മൾ ഇവിടെ അമ്മയുടെ മനോഹരമായ മാസത്തിന്റെ അവസാനത്തിൽ എത്തിയിരിക്കുന്നു... ഈ പ്രിയപ്പെട്ട അമ്മയ്ക്കു എന്റെ മേലുള്ള ശ്രദ്ധ ഈ മാസവും സമൃദ്ധമായി തുടരും. അവൾ എന്നെ അതിരറ്റ സ്നേഹത്തിലേക്കു നയിക്കുന്നു... അഗ്നി അല്ലങ്കിലും ഞാനൊരു കനലാണ് . ഈ അമ്മ വഴി മകനായ ഈശോയോടു ഞാൻ ചുറ്റപ്പെട്ടിരിക്കുന്നു. എല്ലാ സൃഷ്ടികളെയും ഈശോയുടെയും മാതാവിന്റെയും സ്നേഹത്തിലേക്കു ക്ഷണിക്കാൻ ഞാൻ പറക്കാൻ ആഗ്രഹിക്കുന്നു.”

വളരെ കുറച്ചു മാത്രമാണു പാദ്രെ പിയോ രാത്രിയിൽ ഉറങ്ങിയിരുന്നത്, തന്നോടു പ്രാർത്ഥന യാചിച്ചവർക്കു വേണ്ടി ജപമാല ചെല്ലിയാണ് രാത്രി കാലം ചെലവഴിച്ചിരുന്നത്. മധ്യസ്ഥ പ്രാർത്ഥനകളിൽ പാദ്രെ പിയോയിക്കു ഏറെ ഇഷ്ടം ജപമാല പ്രാർത്ഥനയായിരുന്നു. “ഈ കാലഘട്ടത്തിന്റെ ആയുധം ” എന്നാണ് വി. പിയോ ജപമാലയെ വിളിച്ചിരുന്നത്. ജപമാല പിയോയിക്കു മഹത്തായ സമ്പത്താകാൻ കാരണങ്ങൾ രണ്ടാണ്; ഒന്നാമതായി സുവിശേഷ സന്ദേശങ്ങൾ അതിന്റെ പൂർണ്ണതയിൽ ആഴമായി ജപമാലയിൽ സന്നിഹിതമാണ്. രണ്ടാമതായി മറിയത്തിന്റെ പ്രാർത്ഥഥനയുടെ പ്രതിധ്വനിയാണ് ജപമാല.

3. വിശുദ്ധ കുമ്പസാരം

“അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകുമെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."(ലൂക്കാ 15 : 10) കുമ്പസാരകൂട്ടിൽ മണിക്കൂറുകൾ ചെലവഴിച്ചിരുന്ന വൈദീകനായിരുന്നു വി. പാദ്രെ പിയോ. പൗരോഹിത്യ ജീവിതത്തിന്റെ പ്രാരംഭ ദശയിൽത്തന്നെ നല്ലൊരു കുമ്പസാരക്കാരൻ എന്ന പേരു ഫാ: പിയോ നേടിയിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ കുമ്പസാരിക്കാൻ പത്തു ദിവസമെങ്കിലും കാത്തിരിക്കണമായിരുന്നു.

1950 മുതൽ പാദ്രെ പിയോയുടെ അടുക്കൽ കുമ്പസാരിക്കുന്നതിനായി കപ്പൂച്ചിൻ സഭ മുൻകൂട്ടി ബുക്കു ചെയ്യുന്ന രീതി അവലംബിച്ചു. ചില ദിവസങ്ങളിൽ പതിനഞ്ചു മുതൽ പത്താമ്പതു വരെ മണിക്കൂറുകൾ പിയോ അച്ചൻ കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചിരുന്നു. ആത്മാർത്ഥതയില്ലാതെ കുമ്പസാരത്തിനണയുന്നവരെ തിരിച്ചറിയാനും അവരുടെ പാപങ്ങൾ ഓർമ്മപ്പെടുത്തി ശരിയായ അനുതാപത്തിലേക്കു നയിക്കാനും വി. പാദ്രെ പിയോയിക്കു സവിശേഷമായ കഴിവുണ്ടായിരുന്നു. വി. കുമ്പസാരത്തെ സ്നേഹിക്കാം, ആത്മാർത്ഥതയോടെ കരുണയുടെ കൂടിനെ സമീപിക്കാം.

4. എളിമ

“ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ."(മത്തായി 20 : 28). ജീവിതകാലത്തു ധാരാളം തെറ്റി ധരിക്കപ്പെട്ട വ്യക്തിയായിരുന്നു ഫാ. പിയോ. ഒരിക്കൽ ഒരു വൈദീകൻ പിയോയിക്കു എതിരാായി വ്യാജ പ്രചരണങ്ങൾ പ്രചരിപ്പിച്ചു. ഈ വൈദീകൻ മറ്റേതോ കാരണത്താൽ ജയിലിലായി, പിന്നീടു വിമോചിതനായപ്പോൾ ആദ്യമേ തന്നെ കാണാനായി ഫാ: പിയോയുടെ സമീപമെത്തി. തിരിച്ചു വന്ന ധൂർത്ത പുത്രനെ സ്വീകരിക്കുന്ന പിതാവിന്റെ സ്നേഹവാത്സല്യയത്തോടെ പിയോ ആ വൈദീകനെ സ്വീകരിച്ചു.

ചിലർ അദ്ദേഹത്തിന്റെ പഞ്ചക്ഷതം വ്യാജമാണന്നു പറഞ്ഞു പരത്തി. എല്ലാ സഹനങ്ങളും ക്രിസ്തീയ ഉപവിയോടെ പിയോ സ്വീകരിച്ചു. വി. പാദ്രെ പിയോയുടെ എളിമയെക്കുറിച്ചു വി. ജോൺ പോൾ രണ്ടാമൻ പാപ്പ പറയുന്നതു ഇപ്രകാരമാണ്. " ദു:ഖങ്ങളും ബുദ്ധിമുട്ടുകളും സ്നേഹം മൂലം സ്വീകരിച്ചാൽ അവ വിശുദ്ധിയിലേക്കു രൂപാന്തരപ്പെടുത്തുന്ന വഴിയാകും അവ ദൈവത്തെ അറിയാൻ കഴിയുന്ന വലിയ നന്മയിലേക്കു നമ്മുടെ വാതായനങ്ങളെ തുറക്കും."

വി.പിയോയെപ്പോലെ എളിമയെ സ്നേഹിക്കാം വിശുദ്ധിയിൽ വളരാം

5. കാവൽ മാലാഖയോടുള്ള ബന്ധം

“നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും (സങ്കീര്‍ത്തനങ്ങള്‍ 91 : 11). കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വിശുദ്ധ വി. പാദ്രെ പിയോ പ്രസിദ്ധനാണ്. 1913 ൽ തന്റെ ആത്മീയ മക്കൾക്കെഴുതിയ കത്തിൽ കാവൽ മാലാഖമാരോടുള്ള സുഹൃദ് ബന്ധം പരിപോഷിപ്പിക്കാൻ പിയോ എഴുതുന്നു: “അമ്മയുടെ ഉദരത്തിൽ തുടങ്ങി കല്ലറ വരെ നമ്മെ സമാശ്വസിപ്പിക്കാനായി ഒരു ആത്മാവ് കൂടെയുള്ളത് എത്ര ആശ്വാസമാണ്. ഒരു നിമിഷം പോലും, നമ്മൾ പാപം ചെയ്യാൻ ധൈര്യപ്പെടുമ്പോഴും നമ്മളെ ഉപേക്ഷിക്കാതെ കൂടെ നിൽക്കുന്ന ഈ സ്വർഗ്ഗീയ ആത്മാവ് നമ്മളെ ഒരു സുഹൃത്തിനെപ്പോലെ സഹോദരനപ്പോലെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യും".

മറ്റൊരിക്കൽ പിയോ ഇപ്രകാരം എഴുതി: “ ഈ നല്ല മാലാഖ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തികളും നിങ്ങളടെ പരിശുദ്ധമായ ആഗ്രഹങ്ങളും ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുന്നു എന്നു തിരിച്ചറിയുക.” വി.പിയോയുടെ മാതൃക സ്വീകരിച്ചു നമ്മുടെ കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാം.

More Archives >>

Page 1 of 39