Meditation. - August 2024

അനേകരുടെ നന്മയ്ക്കായി നിങ്ങളിലെ സന്മാര്‍ഗ്ഗിക മൂല്യങ്ങളെ ശക്തിപ്പെടുത്തുക

സ്വന്തം ലേഖകന്‍ 10-08-2016 - Wednesday

''അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്'' (റോമാ 12:5).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 10

നിങ്ങളുടെ സഹരാജ്യക്കാരിയായിരുന്ന അല്‍മായ വനിത പൗളിന്‍ ജറിക്കോട്ട്, നെയ്ത്തുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് അവരുടെ ജീവിതം ചിലവിട്ടത്. സംഘങ്ങള്‍ രൂപീകരിക്കുന്നതിനും, അവരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും, ഒരു പൊതുധനശേഖരണം ഏര്‍പ്പാടാക്കുന്നതിനും അവര്‍ സാധാരണക്കാരായ ജനങ്ങളെ സഹായിച്ചു.

ലോകത്തുള്ള എല്ലാ മിഷ്ണറിമാരേയും ആത്മീയമായും സാമ്പത്തികമായും സഹായിക്കാന്‍ ഒരു പ്രസ്ഥാനം അവര്‍ സ്ഥാപിച്ചു. അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പ്രേഷിത പ്രവര്‍ത്തനങ്ങളും പടര്‍ന്ന് പന്തലിക്കുന്നത് കാണാന്‍ കഴിയുന്നതിന് മുമ്പേ, പൗളിന്‍ ദൈവത്തിങ്കലേക്ക് യാത്രയായി. അനേകര്‍ക്ക് വേണ്ടി അവള്‍ സ്വയം ബലിയായി തീര്‍ന്നുവെന്ന് നമ്മുക്ക് പറയാം. ഇത് സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല.

ക്രിസ്ത്യാനികള്‍ക്ക് ഈ ലോകത്തിലെ ഭാരമേറിയ ചുമതലകള്‍ കൈവെടിയാന്‍ കഴിയുകയില്ലയെന്നാണ്. മറിച്ച്, കൂടുതല്‍ ചുറുചുറുക്കോടും, സ്‌നേഹത്തോടും, പ്രത്യാശയോടും കൂടി അവ ഏറ്റെടുക്കുകയാണ് വേണ്ടത്. പ്രിയപ്പെട്ട യുവജനങ്ങളേ, നിങ്ങള്‍ ഈ പ്രായത്തില്‍, നിങ്ങള്‍ ആയിരിക്കുന്ന സ്ഥാനങ്ങളില്‍, ഈ ലോകത്തെ പടുത്തുയര്‍ത്തുന്നതില്‍ ഇപ്പോള്‍ തന്നെ പങ്ക് ചേരണം.

നിങ്ങള്‍ കൈവശമാക്കിക്കൊണ്ടിരിക്കുന്ന മാനുഷിക-ശാസ്ത്രീയ-സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി അനേകര്‍ക്കുള്ള സേവനത്തില്‍ ഒരു പങ്ക് വഹിക്കുവാന്‍ നിങ്ങളെ തന്നെ സന്നദ്ധമാക്കുവിന്‍. എല്ലാത്തിനുമുപരിയായി വിധേയത്വത്തിന്റേയും, വിശുദ്ധിയുടേയും, മറ്റുള്ളവരോടുള്ള ബഹുമാനത്തിന്റേയും, സേവനത്തിനുള്ള പ്രസരിപ്പിന്റേയും സന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ നിങ്ങളില്‍ ശക്തിപ്പെടുത്തുക.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »